Friday, May 17, 2024
spot_img

ശക്തമായ കാഴ്ചപ്പാടും പ്രത്യയശാസ്ത്രവുമുള്ള വ്യക്തിത്വം; പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയ്ക്ക് ഉപചാരമര്‍പ്പിച്ച് പ്രധാനമന്ത്രി

ഇന്ന് ദീനദയാല്‍ ഉപാദ്ധ്യായ ജയന്തി ശക്തമായ കാഴ്ചപ്പാടും പ്രത്യയശാസ്ത്രവുമുള്ള ഒരു വ്യക്തിയായിരുന്നു പണ്ഡിറ്റ് ദീന്ദയാൽ ഉപാധ്യായ. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയും ആയിരുന്നു അദ്ദേഹം. ദാര്‍ശനികന്‍, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞന്‍, ചരിത്രകാരന്‍ എന്നീ നിലകളിലൊക്കെ അദ്ദേഹം അറിയപ്പെട്ടു. എകാത്മ മാനവദര്‍ശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവാണ് ഇദ്ദേഹം. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപചാരമര്‍പ്പിച്ചു.‘ഞങ്ങളുടെ പ്രചോദനമായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായജിയെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ സ്മരിക്കുന്നു’, എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ഭഗവതിപ്രസാദ് ഉപാധ്യായയുടെയും രാംപ്യാരി ദേവിയുടെയും മകനായി 1916 സെപ്റ്റംബര്‍ 25നായിരുന്നു ദീനദയാല്‍ ഉപാധ്യായ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ദീനദയാല്‍ മുത്തച്ഛനായ ചുനിലാലിന്റെ സംരക്ഷണയില്‍ ആണ് പിന്നീട് കഴിഞ്ഞത്. ദീനദയാലിന് പത്ത് വയസുള്ളപ്പോള്‍ ചുനിലാലും അന്തരിച്ചു. ശേഷം അമ്മാവനായ രാധാരമണിന്റെ സംരക്ഷണയില്‍ ആയി. കുട്ടിക്കാലത്ത് തന്നെ രോഗം മൂലം ദീനദയാലിന്റെ അനുജന്‍ ശിവദയാലും അന്തരിച്ചു. ഒന്‍പതാം വയസു വരെ ദീനദയാലിന്റെ വിദ്യാഭ്യാസത്തിനു കൃത്യമായ രൂപം ഉണ്ടായിരുന്നില്ല. അമ്മാവന്റെ സ്ഥലമായിരുന്ന ഗംഗാപൂരില്‍ ആയിരുന്നു അദ്ദേഹത്തിന്റെ നാലാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം. ആ കാലയളവില്‍ രോഗിയായ അമ്മാവനെ ശുശ്രൂഷിക്കേണ്ട ബാധ്യത കൂടി ദീനദയാലിനു വന്നു ചേര്‍ന്നു. പിന്നീട് അമ്മാവനോടൊപ്പം സിക്കാരിലേക്ക് മാറി. സിക്കാരില്‍ നിന്ന് റിക്കാര്‍ഡ് മാര്‍ക്കോടെ മെട്രിക്കുലെഷന്‍ വിജയിച്ചു. അത് എല്ലാ വിഷയങ്ങള്‍ക്കും പുതിയ റെക്കോര്‍ഡ് ആയിരുന്നു അത്‌കൊണ്ട് മഹാരാജ കല്യാണ്‍ സിംഗ് ദീനദയാലിനു പ്രതിമാസം 10 രൂപ സ്‌കോളര്‍ഷിപ്പും 250 രൂപ പുസ്തകങ്ങള്‍ക്കായും നല്‍കി. തുടര്‍ന്ന് ഇന്‍ഡര്‍മീഡിയേറ്റ് വിദ്യാഭ്യാസത്തിനായി പിലാനിയിലേക്ക് പോയി. അവിടെ നിന്ന് 1937ല്‍ ഒന്നാം റാങ്കോടെ വിജയിച്ചു. തുടര്‍ന്ന് ബിര്‍ള അദ്ദേഹത്തിനു നല്‍കിയ ജോലി വാഗ്ദാനം പഠനം പൂര്‍ത്തിയാക്കാന്‍ ആണ് താന്‍ ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞ് നിരസിച്ചു. 1939ല്‍ കാണ്‍പൂരിലെ സനാതന ധര്‍മ്മ കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. ആഗ്ര സെന്‍റ് ജോണ്‍സ് കോളേജില്‍ തുടര്‍വിദ്യാഭ്യാസത്തിനു ചേര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ ബന്ധുവിനെ ശുശ്രൂഷിക്കേണ്ടതിനാല്‍ പരീക്ഷ എഴുതിയില്ല. അതിനുശേഷം അദ്ദേഹം പഠനം തുടര്‍ന്നില്ല. അദ്ദേഹത്തിന്റെ അമ്മാവന്റെ നിര്‍ബന്ധത്തില്‍ പ്രവിശ്യ സര്‍വീസസ് പരീക്ഷയില്‍ പാസാവുകയും അഭിമുഖത്തിനു ശേഷം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിനു പൊതുപ്രവര്‍ത്തനത്തോടുള്ള അഭിവാഞ്ജ അതിനോടകം രൂഢമൂലമായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ദീനദയാല്‍ പ്രവിശ്യ സര്‍വീസില്‍ പ്രവേശിക്കാതെ പൊതുപ്രവര്‍ത്തനരംഗത്ത് കര്‍മനിരതനായി.

ബിഎ പഠന കാലത്ത് സുന്ദര്‍ സിംഗ് ഭണ്ഡാരിയുമായുള്ള ബന്ധം അദ്ദേഹത്തെ ആര്‍എസ്എസുമായി അടുപ്പിച്ചു. ആര്‍എസ്എസ് സ്ഥാപകന്‍ ഡോക്ടര്‍ജിയെ പരിചയപ്പെടുന്നതും ഈ കാലയളവിലാണ്. ഹോസ്റ്റലില്‍ ബാബസാഹിബ് ആപ്‌തേയും ദാദാറാവു പരമാര്‍ഥും ഒരുമിച്ചുള്ള ബൗദ്ധിക ചര്‍ച്ചകളില്‍ ഡോക്ടര്‍ജി ദീനദയാലിനെയും ക്ഷണിച്ചു.1942ല്‍ അദ്ദേഹം ലഖിംപൂര്‍ ജില്ല പ്രചാരകനായി. 1951ല്‍ ഉത്തര്‍പ്രദേശ് സഹ പ്രാന്തപ്രചാരക് ആയി. ആ കാലയളവില്‍ പാഞ്ചജന്യ, സന്ദേശ് എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ശ്യാമപ്രസാദ് മുഖര്‍ജി ഒരു ദേശീയകക്ഷി ആരംഭിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. ആ യത്‌നത്തിലേക്ക് ദീനദയാല്‍, വാജ്‌പേയി തുടങ്ങിയ ചിലരെ അന്നത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി നിയോഗിച്ചു. 1952 മുതല്‍ ജനസംഘം ജനറല്‍ സെക്രട്ടറി ആയിരുന്നു ശ്രീ ദീനദയാല്‍. ശ്യാമപ്രസാദ് മുഖര്‍ജി, ഡോ. രഘുവീര തുടങ്ങിയ നേതാക്കളുടെ മരണം ഈ കാലഘട്ടത്തില്‍ ആയിരുന്നു. 1967ല്‍ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതുവരെ അദ്ദേഹം ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നു. 1967ലെ തിരഞ്ഞെടുപ്പില്‍ ജനസംഘം ഭാരതത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായി മാറി. എട്ടു സംസ്ഥാനങ്ങളിലെ ഭരണത്തിലും പങ്കാളികളായി. ഭാരതീയ ചിന്താധാരകളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് ദീനദയാല്‍ ഉപാദ്ധ്യായ അവതരിപ്പിച്ച സാമ്പത്തിക സാമൂഹിക ദര്‍ശനമാണ് എകാത്മ മാനവ ദര്‍ശനം. ഭരണകൂടം, കുടുംബം, കോടതി ഇങ്ങനെ പല വ്യവസ്ഥിതികള്‍ കൂടിചേര്‍ന്ന് രാജ്യം അഥവാ ശരീരം നിര്‍മിക്കപ്പെടുന്നു. എന്നാല്‍ ഈ ശരീരം എന്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു? ആ ശരീരം രാജ്യത്തിന്റെ ആത്മബോധത്തിന്റെ ചോദനക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ആ ചോദനയെ ധര്‍മം എന്നും ആ ചോദന സൃഷ്ടിക്കുന്ന ആത്മബോധത്തെ ചിതി എന്നും വിളിക്കുന്നുവെന്നുമുളള എകാത്മ മാനവ ദര്‍ശനം ഭാരതത്തിന് പകര്‍ന്നു തന്ന ഒരു മഹത് വ്യക്തിയായിരുന്നു .

എന്നാല്‍, ജനസംഘത്തിന്റെ അദ്ധ്യക്ഷനായി ചുമതലയേറ്റ് രണ്ടു മാസം തികയും മുന്‍പാണ് അദ്ദേഹം തികച്ചും ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ലക്‌നൗവില്‍നിന്നും പാട്‌നയിലേക്ക് രാത്രി ട്രെയിനില്‍ യാത്രചെയ്ത അദ്ദേഹത്തിന്റെ മൃതദേഹം 1968 ഫെബ്രുവരി 11ന് മുഗള്‍സാരായി റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടു കിട്ടുകയായിരുന്നു. മരണകാരണം ഇന്നും ദുരൂഹമായി തുടരുകയാണ്.

Related Articles

Latest Articles