തിരുവനന്തപുരം: വയലിനിൽ മാന്ത്രിക സംഗീതം സമ്മാനിച്ച പ്രിയ കലാകാരന്റെ ജീവൻ കവർന്ന അപകടത്തിന് ഇന്ന് രണ്ടു വര്‍ഷം. എന്നാല്‍ സംഭവത്തിലെ ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട് രണ്ട് വർഷം തികയുന്ന അതേദിവസമായ ഇന്നു തന്നെയാണ് അദ്ദേഹത്തിന്റെയും മകളുടെയും മരണത്തിനു പിന്നിലെ ദുരൂഹത നീക്കാനുള്ള സി.ബി.ഐയുടെ നുണപരിശോധന നടക്കുന്നതും. ബാലുവിന്റെ സുഹൃത്തുക്കളും മാനേജർമാരുമായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവർക്കാണ് ഇന്നും നാളെയുമായി നുണപരിശോധന നടത്തുക. ലോക്കൽ പൊലീസിൽനിന്ന് സിബിഐയിൽ എത്തിനിൽക്കുകയാണ് അന്വേഷണം.
2018 സെപ്‌തംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാലയുടെ വഴിപാടുമായി ബന്ധപ്പെട്ടാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ബാലഭാസ്‌കറും കുടുംബവും സ്വന്തം വാഹനത്തിൽ പോയത്. സുഹൃത്ത് അർജുനും ഒപ്പമുണ്ടായിരുന്നു. മടക്കയാത്രയിൽ കഴക്കൂട്ടം പള്ളിപ്പുറത്താണ് വാഹനം അപകടത്തിൽപ്പെട്ടത്. മകൾ ഉടൻ മരിച്ചു. ഒക്ടോബർ രണ്ടിന് ബാലഭാസ്‌കറും. ലക്ഷ്‌മിയും അർജുനും പരിക്കോടെ രക്ഷപ്പെട്ടു.
ഡൽഹിയിലെയും ചെന്നൈയിലെയും സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ദ്ധരാണ് കൊച്ചിയിൽ നുണപരിശോധന നടത്തുന്നത്. വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ പ്രകാശൻ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണ് അപകടത്തെക്കുറിച്ച് ബന്ധുക്കൾക്കു സംശയമുണ്ടായത്. ബാലഭാസ്‌കറിന്റെ മരണത്തിൽ സ്വർണക്കടത്തു സംഘങ്ങൾക്കു പങ്കുണ്ടോയെന്നു പരിശോധിക്കാനാണ് നുണ പരിശോധന നടത്തുന്നത്. അപകടസമയത്ത് ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന അർജുൻ താൻ വാഹനമോടിച്ചില്ലെന്നു മൊഴിമാറ്റിയതിലും ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അർജുനെ നുണപരിശോധനയ്ക്കു വിധേയനാക്കുന്നത്.
എന്നാല്‍ അപകട സ്ഥലത്തെത്തുന്നതിനു മുമ്പ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണ് അതുവഴി അന്നേദിവസം കടന്നുപോയ കലാഭവൻ സോബിയുടെ മൊഴി. സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ അപകടസ്ഥലത്ത് കണ്ടെന്ന സോബിയുടെ മൊഴി നുണപരിശോധനയിൽ ശരിയാണെന്ന് തെളിഞ്ഞാല്‍, സരിത്തിനെ സി.ബി.ഐ ചോദ്യംചെയ്യും. ബാലു മരിച്ച ശേഷമാണ് പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണക്കടത്തിലേക്ക് തിരിഞ്ഞതെന്നാണ് മൊഴികൾ. ഇതിന്‍റെ സത്യാവസ്ഥയും കണ്ടെത്തും.

