ദില്ലി ;വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ റാവൽപിണ്ടിയിൽനിന്ന് ലഹോറിലെത്തിച്ചു. വാഗാ അതിർത്തി വഴി വൈകുന്നേരത്തോടെ ഇന്ത്യയ്ക്കു കൈമാറുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി രാവിലെ അറിയിച്ചിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനും നാലിനുമിടയിൽ കൈമാറുമെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൈനിക വിമാനത്തിലാണ് റാവൽപിണ്ടിയിൽനിന്ന് ലഹോറിലെത്തിച്ചതെന്നാണ് സൂചന. അവിടെനിന്ന് റോഡ് മാർഗമായിരിക്കും വാഗാ അതിർത്തിയിൽ എത്തിക്കുക. അഭിനന്ദനെ വ്യോമസേനയ്ക്കായി സ്വീകരിക്കാനെത്തുക പാക്കിസ്ഥാനിലേക്കുള്ള എയർ അറ്റാഷെ ഗ്രൂപ്പ് കമാൻഡർ ജെ.ഡി. കുര്യൻ ആണ്. വ്യോമസേനയുടെ ഉയർന്ന ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.