ദില്ലി: കരസേനാ മേധാവി ഇന്ന് കശ്മീരിലെത്തും (Indian Army Chief General Naravane). അതിർത്തി പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്ന കരസേന മേധാവി സുരക്ഷാ വിലയിരുത്തലും നടത്തും. സാധാരണക്കാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെയും പൂഞ്ചിൽ ഭീകരർക്കായുള്ള തിരച്ചിലിന്റെയും പശ്ചാത്തലത്തിലാണ് സന്ദർശനം. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് എം എം നരവനെ ജമ്മുകാശ്മീരിൽ എത്തിയിരിക്കുന്നത്.
അതേസമയം ജമ്മു കശ്മീരിൽ (Jammu Kashmir)സാധാരണക്കാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ദില്ലി ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്ത് നടന്ന നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജീസ് കോൺഫറൻസിൽ വച്ചാണ് അദ്ദേഹം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ, എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിപിമാർ, കേന്ദ്ര സായുധ സേനകളിലെ ഡയറക്ടർ ജനറൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും, ഭീകരരുടെ കടന്നുകയറ്റവും യോഗത്തിൽ ചർച്ചയായതായാണ് വിവരം. ഇതിനുപുറമെ മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷാ സാഹചര്യങ്ങളും യോഗം ചർച്ച ചെയ്തു. ആറ് മാസത്തിലൊരിക്കലാണ് ഇത്തരത്തിൽ ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുടേയും ആഭ്യന്തരമന്ത്രിയുടേയും കൂടിക്കാഴ്ച നടക്കാറുള്ളത്.
അതേസമയം പൂഞ്ച് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഭീകരർക്കായുള്ള തിരച്ചിൽ സേന ശക്തമാക്കിയിട്ടുണ്ട്. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ ഉടൻ പിടികൂടാനുകമെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പാകിസ്ഥാൻ കമാൻഡോകളുടെ സഹായം ലഭിക്കാനിടയുള്ള ഭീകരർ വൻ ആയുധശേഖരവുമായി ആണ് കാടിനുള്ളിൽ തങ്ങുന്നത് എന്നാണ് അനുമാനം.ജമ്മു-രജൗരി ദേശീയ പാതയും കഴിഞ്ഞ ഒരാഴ്ചയായി അടച്ച് ഇട്ടിരിക്കുകയാണ്.
മേഖലയിൽ 9 ഭീകരരെയാണ് സൈന്യം ഇതുവരെ വധിച്ചത്. ഈ മാസം മാത്രം 11ഓളം സാധാരണക്കാരാണ് കശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ അഞ്ച് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉള്ളവരാണ്. ഇതര സംസ്ഥാനക്കാർക്ക് നേരെയുള്ള ഭീകരാക്രമണം വർദ്ധിച്ചതോടെ, സംസ്ഥാനത്തെ മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികളെയും എത്രയും വേഗം സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഐജി വിജയ്കുമാർ നിർദ്ദേശം നൽകിയിരുന്നു.

