Monday, April 29, 2024
spot_img

ചരിത്രം കുറിച്ച് ഭാരതം ! നാല് ലക്ഷം കോടി ഡോളർ വിപണി മൂല്യം പിന്നിട്ട് ഇന്ത്യൻ വിപണി! നേട്ടം മുമ്പ് സ്വന്തമാക്കിയത് അമേരിക്ക, ചൈന, ജപ്പാൻ രാജ്യങ്ങൾ മാത്രം

ലോക ചരിത്രത്തിൽ സ്വന്തം പേര് സ്വർണ്ണലിപികളാൽ എഴുതി ചേർത്ത് ഇന്ത്യൻ ഓഹരി വിപണി. ചരിത്രത്തിലാദ്യമായി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം നാല് ലക്ഷം കോടി ഡോളര്‍ പിന്നിട്ടു. നിലവില്‍ ഈ നേട്ടം അമേരിക്ക, ചൈന, ജപ്പാന്‍ എന്നീ മൂന്ന് രാജ്യങ്ങൾ മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം നിലവില്‍ 333 ലക്ഷം കോടി രൂപയാണ്. ഡോളറില്‍ കണക്കാക്കിയാല്‍ നാല് ലക്ഷം കോടി. 48 ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യമുള്ള അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ ഇക്വിറ്റി മാര്‍ക്കറ്റ്. ചൈന(9.7 ലക്ഷം കോടി ഡോളര്‍), ജപ്പാൻ (6 ലക്ഷം കോടി ഡോളര്‍) എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ വരുന്നത്.

ബ്ലൂംബര്‍ഗിന്റെ റിപ്പോർട്ട് പ്രകാരം നടപ്പ് സാമ്പത്തിക വർഷം ഇതുവരെ മാത്രം രാജ്യത്തെ വിപണി മൂലധനം 15 ശതമാനത്തോളമാണ് ഉയര്‍ന്നത്. മറുവശത്ത് ചൈനയുടെ വിപണി അഞ്ച് ശതമാനം ഇടിഞ്ഞു. ഇന്ത്യയേക്കാള്‍ വേഗത്തില്‍ വളര്‍ച്ച കൈവരിച്ചത് അമേരിക്ക മാത്രമാണ്. 17 ശതമാനമാണ് അമേരിക്കയുടെ മുന്നേറ്റം. ലോകത്തൊട്ടാകെയുള്ള സംയോജിത വിപണി മൂല്യമാകട്ടെ 106 ലക്ഷം കോടി ഡോളറായി. ഈ വര്‍ഷം 10 ശതമാനമാണ് കുതിച്ചത്.

മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളിലെ മുന്നേറ്റമാണ് രാജ്യത്തെ വിപണി മൂല്യം വന്‍കുതിപ്പിന് സാക്ഷ്യം വഹിക്കാനിടയാക്കിയത്. മുന്‍നിരയിലെ 100 കമ്പനികള്‍ക്ക് പുറത്തുള്ള സ്റ്റോക്കുകളുടെ വിപണി മൂല്യത്തിലെ സംഭാവന 40 ശതമാനമാണ്.

ഏപ്രില്‍ ഒന്നു മുതലുള്ള കണക്ക് പരിശോധിച്ചാൽ രാജ്യത്തെ വിപണി മൂല്യത്തില്‍ 27 ശതമാനം വര്‍ധനവുണ്ടായി. മുന്‍നിരയിലെ 100 കമ്പനികളുടെ മൂല്യത്തില്‍ 17 ശതമാനവും വളര്‍ച്ചനേടി 195 ലക്ഷം കോടി രൂപയിലെത്തി. അതിന് താഴെയുളള കമ്പനികളുടെ മൂല്യം 46 ശതമാനം ഉയര്‍ന്ന് 133 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തു. കമ്പനികളുടെ വരുമാനം കുതിച്ചുയർന്നതും മികച്ച സാമ്പത്തിക സ്ഥിരതയും നിക്ഷേപ വരവുമൊക്കെ ആഗോളതലത്തില്‍ ഇന്ത്യയെ മികച്ച വിപണികളിലൊന്നായി മാറ്റിക്കഴിഞ്ഞു.

Related Articles

Latest Articles