Thursday, May 2, 2024
spot_img

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി കോവിഡ് പരിശോധനാ ക്യാമ്പിന് തുടക്കമായി

ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കും വേണ്ടി നാലു ദിവസത്തെ കോവിഡ് പരിശോധനാ ക്യാമ്പ് തുടങ്ങി. കോവിഡ് വ്യാപനത്തിനുള്ള സാധ്യത പരമാവധി ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ആദ്യദിവസം പാര്‍ലമെന്റ് മന്ദിരത്തില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് വിധേയരാകേണ്ടത്.

ചൊവ്വാഴ്ച വരെ ക്യാമ്പ് തുടരും. കോവിഡിന് സമാനമായ ലക്ഷണങ്ങളുള്ളവരെ ആര്‍ടി -പിസിആര്‍ പരിശോധനയ്ക്കും മറ്റുള്ളവരെ റാപ്പിഡ് ടെസ്റ്റിനുമാവും വിധേയരാക്കുക. പാര്‍ലമെന്റ് മന്ദിരത്തിന്റെ കവാടത്തില്‍ ഏഴ് കൗണ്ടറുകളാണ് കോവിഡ് പരിശോധനയ്ക്കായി സജ്ജീകരിച്ചിട്ടുള്ളത്.

വര്‍ഷകാല സമ്മേളനം തുടങ്ങിയതിനു ശേഷവും കോവിഡ് ലക്ഷണങ്ങളുള്ള ആരെയും പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കടത്തിവിടില്ല. പാര്‍ലമെന്റില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍ടി – പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ എല്ലാ അംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധന നടത്താതെ വരുന്നവരെ പാര്‍ലമെന്റ് കവാടത്തില്‍ പരിശോധനയ്ക്ക് വിധേയരാക്കും. ഫലം വന്നതിനുശേഷമെ അകത്ത് കടക്കാനാവൂ.

Related Articles

Latest Articles