ഫ്രണ്ട്സ് ടെലിവിഷന്‍ സീരീസ് താരം മാത്യു പെറി മരിച്ചുകിടന്ന വീട് സ്വന്തമാക്കി ഇന്ത്യക്കാരി. ഇന്ത്യന്‍ വംശജയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുമായ അനിത ലല്ലിയനാണ് മാത്യു പെറിയുടെ വീട് സ്വന്തമാക്കിയത്. ദീപാവലി ദിനത്തില്‍ വീട്ടില്‍ പൂജ നടത്തുന്നതിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് അനിത സന്തോഷവാര്‍ത്ത പങ്കുവച്ചത്. 71 കോടി രൂപയ്ക്കാണ് അനിത ആഡംബര വീട് സ്വന്തമാക്കിയത്.
പസഫിക് സമുദ്ര തീരത്തുള്ള വീട് അത്യാഡംബരത്തിലുള്ളതാണ്. 3500 സ്‌ക്വയര്‍ ഫീറ്റ് വരുന്ന പ്രോപ്പര്‍ട്ടി 1965ലാണ് നിര്‍മിച്ചത്. നാല് ബെഡ്റൂമുകളുള്ള വീടിന്റെ ഏറ്റവും വലിയ ആകര്‍ഷണം കടലിനോട് അടുത്തു വരുന്നു എന്നതാണ്. വീട് കണ്ടപ്പോള്‍ തന്നെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്നും മാത്യു പെറിയുടെ മരണവുമായി വീട് വാങ്ങാനുള്ള തീരുമാനത്തിന് ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ നടന്റെ ജീവിതത്തേയും കഴിവിനേയും ആദരിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
‘റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നത് നമ്മള്‍ അറിഞ്ഞും അറിയാതെയും എല്ലാ വീടുകള്‍ക്കും ഓരോ ചരിത്രമുണ്ടെന്നാണ്. ഞാന്‍ ഹിന്ദുവാണ്. പുതിയ വീടു വാങ്ങിയാല്‍ ഞങ്ങള്‍ പൂജ നടത്തിയതിനു ശേഷമാണ് താമസം ആരംഭിക്കാറുള്ളത്. വീടിന്റെ മുന്‍ ഉടമയുടെ ജീവിതത്തെയും കഴിവിനെയും മറ്റുള്ളവര്‍ക്ക് അദ്ദേഹം നല്‍കിയ സന്തോഷത്തെയും പോസിറ്റീവായാണ് ഞങ്ങള്‍ കാണുന്നത്. വീട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞങ്ങള്‍ വാങ്ങിയത്, അല്ലാതെ മുന്‍ ഉടമയുമായി അതിന് ബന്ധമില്ല. പൂളിലുള്ള ബാറ്റ്മാന്‍ ലോഗോ ഉള്‍പ്പടെയുള്ള ചില ഡിസൈനുകള്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്’ എന്ന് അനിത പറഞ്ഞു.
2023 ഒക്ടോബര്‍ 29-നാണ് 54 വയസുകാരനായ താരത്തെ ലോസ് ആഞ്ജലിസിലെ വസതിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോകം മുഴുവന്‍ ആരാധകരുള്ള ഫ്രണ്ട്‌സ് ഷോയിലെ ചാന്‍ഡലര്‍ എന്ന കാഥാപാത്രത്തെ അവതരിപ്പിച്ച മാത്യുവിന്റെ മരണം ആരാധകര്‍ക്കേറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു.

