Wednesday, May 15, 2024
spot_img

ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടായിരിക്കുമെന്ന് രാജ്‌നാഥ് സിങ്; പ്രതിരോധമന്ത്രി കൊച്ചി കപ്പൽ നിർമ്മാണശാല സന്ദർശിച്ചു

എറണാകുളം: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൊച്ചി കപ്പൽ നിർമ്മാണശാല സന്ദർശിച്ചു. തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പലിന്‍റെ പുരോഗതി അവലോകനം ചെയ്യുന്നതിന്‍റെ ഭാഗമായായിരുന്നു സന്ദർശനം. നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയ ഐഎൻഎസ് വിക്രാന്ത് വിമാന വാഹിനി കപ്പലിന്‍റെ പ്രവർത്തന പുരോഗതിയും പ്രതിരോധ മന്ത്രി വിലയിരുത്തി. ഇന്നലെയാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.

ഐഎൻഎസ് വിക്രാന്ത് ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും, സമുദ്ര പ്രതിരോധ രംഗത്ത് ആഗോള ശക്തിയായി മാറുകയാണ് രാജ്യത്തിന്‍റെ ലക്ഷ്യമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പ്രതിരോധ സേനയെ ശക്തിപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തദേശീയമായി കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിക്കുന്ന ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് മുതൽ കൂട്ടാകുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

വിമാനവാഹിനി കപ്പലിന്‍റെ കടൽ പരീക്ഷണത്തിന്‍റെ കാലതാമസത്തെ തുടർന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ കൊച്ചി കപ്പൽ നിർമ്മാണശാല സന്ദർശനം. കപ്പൽ ശാല ഉദ്യോഗസ്ഥന്മാരുമായി പ്രതിരോധ മന്ത്രി ചർച്ച നടത്തി. നിർമ്മാണ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയാണ് പ്രതിരോധ മന്ത്രി മടങ്ങിയത്. ഈ വർഷം ആദ്യ പകുതിയിൽ വിമാനവാഹിനി കപ്പലിന്‍റെ പരീക്ഷണം ആസൂത്രണം ചെയ്തിരുന്നുവെങ്കിലും കൊവിഡ് രണ്ടാം തരംഗം കാരണം ഇത് വൈകിയതായാണ് അധികൃതര്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം ഡിസംബറിൽ വിമാനവാഹിനിക്കപ്പലിന്‍റെ ബേസിൻ പരീക്ഷണങ്ങൾ വിജയകരമായി നടത്തിയിരുന്നു. കടൽ പരീക്ഷണങ്ങൾക്ക് മുമ്പ് കപ്പലിന്‍റെ യന്ത്രസാമഗ്രികളും ഉപകരണങ്ങളും ഫ്ലോട്ടിങ് അവസ്ഥയിൽ പരീക്ഷിക്കുന്നതാണ് ബേസിൻ പരീക്ഷണങ്ങൾ. ഈ വിമാനവാഹിനി കപ്പലിന്‍റെ എഴുപത്തിയഞ്ച് ശതമാനം സാമഗ്രികളും ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിച്ചതാണെന്നതാണ് പ്രത്യേകത. ഇന്ത്യ ആദ്യമായി തദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനി കപ്പൽ നിർമ്മിക്കുന്നത്, കൊച്ചി കപ്പൽ ശാലയിലാണെന്ന പ്രത്യേകതയുമുണ്ട്. പ്രതിരോധമന്ത്രിയുടെ സന്ദർശനത്തോടെ വിമാന വാഹിനി കപ്പലിന്‍റെ നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles