Tuesday, September 22, 2026

വെബ് സീരീസ് പ്രചോദനമായി! ദില്ലിയിൽ ഭാര്യയെ കൊലപ്പെടുത്തി 12.75 ലക്ഷം രൂപയുമായി നാടുവിട്ട ഭർത്താവ് മഥുരയിൽ പിടിയിൽ

ദില്ലി: വിദേശ വെബ് സീരീസ് കണ്ട് അതിലെ കൊലപാതക രീതികൾ അനുകരിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ 62-കാരനായ സോഫ്റ്റ്‌വെയർ കൺസൾട്ടന്റ് ദില്ലിയിൽ പിടിയിലായി. ഈസ്റ്റ് ദില്ലിയിൽ നടന്ന സംഭവത്തിൽ കമൽ സിംഗ് എന്നയാളാണ് ഭാര്യ കോമൾ സിംഗിനെ (50) കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ പിടിയിലായത്. സ്വത്ത് തർക്കവും കുടുംബപ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ജൂലൈ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മക്കൾ രണ്ടുപേരും പുറത്തുപോയ സമയത്ത് ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുകയായിരുന്ന ഭാര്യയെ കമൽ സിംഗ് വാൾ ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. തുടർന്ന് അടുക്കളയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ മുടിയിൽ പിടിച്ചുവലിച്ച് ലിവിങ് റൂമിലേക്ക് കൊണ്ടുവന്ന് കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. കൃത്യത്തിന് ശേഷം രക്തം പുരണ്ട വസ്ത്രങ്ങളും ആയുധവും ബാഗിലാക്കി സ്കൂട്ടറിൽ രക്ഷപ്പെട്ട ഇയാൾ പോകുന്ന വഴിക്ക് വാൾ ഉപേക്ഷിച്ചു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ആയുധങ്ങൾ ഒളിപ്പിച്ച രീതി എച്ച്ബിഒയുടെ പ്രശസ്ത ക്രൈം സീരീസായ ‘ദി സ്റ്റെയർകേസ്’ കണ്ടാണ് പഠിച്ചതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി.

കൊലപാതകത്തിന് ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ച തുകയും ഉൾപ്പെടെ 12.75 ലക്ഷം രൂപയുമായാണ് ഇയാൾ നാടുവിട്ടത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി മൊബൈൽ ഫോൺ ഓൺ ചെയ്ത് നേപ്പാൾ അതിർത്തിയായ ഗോരഖ്പൂരിലേക്ക് യാത്ര ചെയ്യുകയും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മഥുരയിലേക്ക് കടക്കുകയുമായിരുന്നു. തുടന്ന് സിസിടിവി ദൃശ്യങ്ങളും ഇലക്ട്രോണിക് തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മഥുര റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നാണ് ദില്ലി പോലീസ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ കടുത്ത ദാമ്പത്യപ്രശ്നങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ജഗത്പുരിയിലെ വസ്തു സ്വന്തമാക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളും പ്രതിക്ക് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധവുമാണ് ദാമ്പത്യത്തിൽ വിള്ളലുണ്ടാക്കിയത്. ഒരേ വീട്ടിൽ കഴിഞ്ഞിരുന്ന ഇരുവരും വൈദ്യുതി ബില്ലുകൾ വരെ വെവ്വേറെയാണ് അടച്ചിരുന്നത്. പ്രതിയുടെ പക്കൽ നിന്ന് സ്കൂട്ടറും കവർന്ന പണവും പോലീസ് വീണ്ടെടുത്തിട്ടുണ്ട്.

Related Articles

Latest Articles