Friday, May 17, 2024
spot_img

ഛത്രപതി ശിവജിയുടെ രാജമുദ്രയിൽ നിന്ന് പ്രചോദനം ; ഉന്നത ഉദ്യോഗസ്ഥർക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈൻ പുറത്തിറക്കി ഇന്ത്യൻ നേവി

ദില്ലി : നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈൻ പുറത്തിറക്കി. ഛത്രപതി ശിവജിയുടെ രാജമുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഡിസൈൻ തയാറാക്കിയിരിക്കുന്നത്. പുതിയ ഡിസൈനിൽ ഗോൾഡൺ നേവി ബട്ടൺ, അഷ്ടഭുജം, വാൾ, ടെലസ്‌കോപ്പ് എന്നിവയാണ് ഉൾപ്പെടുന്നത്.

ഡിസംബർ നാലിന് മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ നടന്ന നാവിക ദിനാഘോഷച്ചടങ്ങിൽ നാവികസേന ഉദ്യോഗസ്ഥർക്കായി പുതിയ ഡിസൈൻ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ നാവികസേനയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥർക്കാണ് പുതിയ ഡിസൈനിലുള്ള എപ്പൗലെറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. അഡ്മിറൽ, വൈസ് അഡ്മിറൽ, റിയർ അഡ്മിറൽ എന്നീ റാങ്കുകൾക്കാണ് ആദ്യഘട്ടത്തിൽ പുതിയ എപ്പൗലെറ്റുകൾ നൽകുക. ഭാരതീയ പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ ഡിസൈൻ ആയിരിക്കും ഇനിമുതൽ നാവികസേന ഉദ്യോഗസ്ഥർക്കുള്ള എപ്പൗലെറ്റുകളെന്ന് നാവികസേനാ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അവതരിപ്പിച്ച കൊളോണിയൽ പാരമ്പര്യത്തിലുള്ള നെൽസൺസ് റിംഗ് ആയിരുന്നു ഇതുവരെ ഇന്ത്യൻ നാവികസേനയുടെ അടയാളമായി ഉപയോഗിച്ചിരുന്നത്.

ഛത്രപതി ശിവാജി മഹാരാജ് തന്റെ ഔദ്യോഗിക കത്തിടപാടുകളിൽ ഉപയോഗിച്ചിരുന്ന രാജമുദ്രയ്‌ക്ക് വലിയ ചരിത്ര പ്രാധാന്യമാണുള്ളത്. അദ്ദേഹത്തിന്റെ പിതാവ് ഷാജിരാജെ ഭോസാലെ സമ്മാനിച്ച രാജമുദ്രയാണെന്നാണ് പറയപ്പെടുന്നത്. കൊളോണിയൽ പാരമ്പര്യത്തെ ഇല്ലാതാക്കുന്നതാണ് ഗോൾഡൺ നേവി ബട്ടൺ. എട്ട് ദിക്കുകളെ അടയാളപ്പെടുത്തുന്ന ചുവന്ന നിറത്തിലുള്ള അഷ്ടഭുജം നേവിയുടെ മുന്നോട്ടുള്ള കുതിപ്പിനെയാണ് സൂചിപ്പിക്കുന്നത്. നാവികസേനയുടെ സത്തയെ വാളും ദീർഘവീക്ഷണത്തെ ടെലസ്‌കോപ്പും പ്രതിനിധീകരിക്കുന്നു.

Related Articles

Latest Articles