Monday, May 6, 2024
spot_img

ഹിന്ദു ദൈവങ്ങളെയും ആരാധനാ രീതികളെയും അധിക്ഷേപിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ വ്യാപക വിമർശനം; സംഭവത്തിൽ പ്രതികരണവുമായി സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് പ്രശസ്ത ജ്യോതിഷ പണ്ഡിതനായ ഉണ്ണികൃഷ്ണ പണിക്കർ

ഹിന്ദു ദൈവങ്ങളെയും ആരാധനാ രീതികളെയും അധിക്ഷേപിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ സംഭവത്തിൽ പ്രതികരണവുമായി പ്രശസ്ത ജ്യോതിഷ പണ്ഡിതനായ ഉണ്ണികൃഷ്ണ പണിക്കർ രംഗത്ത് വന്നു. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണമറിയിച്ചിരിക്കുന്നത്.

ഗണപതിയെപ്പോലെ ഭാരതത്തിന്റെ ചിന്തയെയും കലയെയും ഭാവനയെയും ഇത്രയധികം സ്വാധീനിച്ച, പോഷിപ്പിച്ച, മറ്റൊരു ദേവനുണ്ടാവില്ലെന്നും ഭക്തരുടെ സ്തോത്രകൃതികളിലും സ്തവങ്ങളിലും മാത്രമല്ല ഭാരതത്തിലെ ശാസ്ത്രഗ്രന്ഥങ്ങൾ മുതൽ സാഹിത്യകൃതികൾ വരെ, ജ്യോതിശ്ശാസ്ത്രകാരന്മാർ മുതൽ കവികളും നാടകകൃത്തുക്കളും വരെ, ഗണപതിയെ നമസ്കരിച്ചുകൊണ്ടാണ് തങ്ങളുടെ പരിശ്രമങ്ങൾ തുടങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സ്പീക്കറുടെ അഭിപ്രായത്തിന്റെ കാതൽ, അദ്ദേഹം സ്വസമുദായവുമായി ബന്ധപ്പെട്ടു നേരത്തെ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ പരിശോധിച്ചാൽ, മതേതരത്വവുമായി ഒട്ടും ചേർന്നുപോവുന്നതല്ലെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു .

ഹിന്ദു ആരാധന സമ്പ്രദായങ്ങള്‍ മിത്താണെന്നായിരുന്നു ഷംസീറിന്റെ പരാമര്‍ശം. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണെന്നും വിവര സാങ്കേതിക വിദ്യയുടെ കാലത്ത് മനുഷ്യന്റെ ഉടലും ആനയുടെ ശിരസുമുള്ള മിത്തുകളെയും പുഷ്പക വിമാനം പോലുള്ള കെട്ടുകഥകളെയും ഹൈന്ദവ ഇതിഹാസങ്ങളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും പ്രചരിപ്പിക്കുന്നു എന്നും കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതി ഉദ്ഘാടനം ചെയതുകൊണ്ട് സ്പീക്കര്‍ പറഞ്ഞത്.

പ്രശസ്ത ജ്യോതിഷ പണ്ഡിതനായ ഉണ്ണികൃഷ്ണ പണിക്കർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

നമ്മുടെ നിയമസഭാസ്പീക്കർ ഗണപതിയെക്കുറിച്ചു പറഞ്ഞ ചില വാചകങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. ഗണപതി ഒരു മിത്താണെന്നും അന്ധവിശ്വാസമാണെന്നും അത്തരം അന്ധവിശ്വാസങ്ങളെ ശാസ്ത്രപഠനത്തിൽ നിന്ന് അകറ്റി നിർത്തണമെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഇവ്വിഷയകമായി എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ പറയാം.
ഗണപതിയെപ്പോലെ ഭാരതത്തിന്റെ ചിന്തയെയും കലയെയും ഭാവനയെയും ഇത്രയധികം സ്വാധീനിച്ച, പോഷിപ്പിച്ച, മറ്റൊരു ദേവനുണ്ടാവില്ല. ഭക്തരുടെ സ്തോത്രകൃതികളിലും സ്തവങ്ങളിലും മാത്രമല്ല ഗണപതി നടനമാടുന്നത്. ഭാരതത്തിലെ ശാസ്ത്രഗ്രന്ഥങ്ങൾ മുതൽ സാഹിത്യകൃതികൾ വരെ, ജ്യോതിശ്ശാസ്ത്രകാരന്മാർ മുതൽ കവികളും നാടകകൃത്തുക്കളും വരെ, ഗണപതിയെ നമസ്കരിച്ചുകൊണ്ടാണ് തങ്ങളുടെ പരിശ്രമങ്ങൾ തുടങ്ങുന്നത്. ഭാരതത്തിലുണ്ടായ കാലാതിവർത്തിയായ ഏതെങ്കിലുമൊരു ഗ്രന്ഥമെടുത്തുനോക്കൂ. അതു ശാസ്ത്രഗ്രന്ഥമായാലും കാവ്യമായാലും വ്യാകരണമായാലും നാടകമായാലും, ഗ്രന്ഥരചയിതാവ് വന്ദനശ്ലോകത്തിൽ വിനായകനെ വണങ്ങിയിട്ടുണ്ടാവാൻ വളരെ സാദ്ധ്യതയുണ്ട്. ഗണിതജ്ഞനായ ഭാസ്കരാചാര്യർ, കവികളായ മാഘൻ, ഭവഭൂതി, തുടങ്ങിയവർ, സൈദ്ധാന്തികരായ ദണ്ഡി, രാജശേഖരൻ, തുടങ്ങിയവർ, ഹാസ്യചൂഡാമണിയുടെ കർത്താവായ വത്സരാജൻ, ശുകസപ്തതീകാരൻ, മധുരാവിജയമെഴുതിയ ഗംഗാദേവി, ഇങ്ങനെ എത്രയെത്ര പണ്ഡിതകേസരികളും പ്രതിഭകളുമാണ് ഗണപതിക്കു മുന്നിൽ കൈകൂപ്പി നിന്ന് തങ്ങളുടെ കൃതികളാരംഭിച്ചത്!
സാഹിത്യവും ശാസ്ത്രവും മാത്രമോ? ഭക്തരുടെ കാര്യമെടുത്താൽ ഭാരതമൊട്ടാകെ ഒരുപോലെ വിഘ്നേശ്വരനെ സ്തുതിച്ചിട്ടുണ്ട്. ഹരവിജയമെഴുതിയ രത്നാകരൻ കശ്മീരത്തിൽ നിന്ന്, രാമചരിതമാനസമെഴുതിയ തുളസീദാസ് കാശിയിൽ നിന്ന്, ജ്ഞാനേശ്വരീഭാഷ്യമെഴുതിയ ജ്ഞാനേശ്വരൻ മറാഠയിൽ നിന്ന്, വിനായകർ-അകവലെഴുതിയ അവ്വൈയാർ തമിഴകത്തു നിന്ന്, ഇവരൊക്കെയും നിറഞ്ഞ ഭക്തിയോടെ വിനായകനെ വണങ്ങി.
മലയാളസാഹിത്യമോ? മലയാളത്തിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മുതൽ വെണ്മണി വരെ, ഒറവങ്കര മുതൽ പെട്ടരഴിയം വരെ, നടുവത്തച്ഛൻ മുതൽ ശീവൊള്ളി വരെ, അനവദ്യസുന്ദരങ്ങളായ മുക്തകങ്ങളാൽ ഗണപതിയെ പ്രകീർത്തിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവും ഉള്ളൂരും വള്ളത്തോളും കുമാരനാശാനും ആ മൂർത്തിയെ അവരുടെ കൃതികളിൽ നമസ്കരിച്ചിട്ടുണ്ട്. ആ നിലയ്ക്ക് മലയാളമൊട്ടാകെ, ഭാരതമൊട്ടാകെ, വണങ്ങിയ മൂർത്തിയാണു ഗണപതി.
വാസ്തവത്തിൽ ഭാരതമൊട്ടാകെ എന്നു പറയുന്നതു പോലും ന്യൂനോക്തിയാവും. ഭാരതത്തിനു പുറത്തേക്കും ഗണപതീസങ്കല്പം പരന്നൊഴുകിയിരുന്നു. നേപ്പാളിൽ, ജാവയിൽ, ബാലിയിൽ, ടിബറ്റിൽ, ബർമ്മയിൽ, ചൈനയിൽ, ജപ്പാനിൽ, ഇവിടെയൊക്കെയും വിഘ്നേശ്വരനും വിഘ്നേശ്വരാരാധനയ്ക്കും ചരിത്രപരമായിത്തന്നെ സാന്നിദ്ധ്യമുണ്ട്.
ആ മൂർത്തിയുടെ, ആരാധനയുടെ, ചരിത്രപരത പോലും കൃത്യമായി നിർണ്ണയിക്കുക അസാദ്ധ്യമാണ്. കണ്ടെടുക്കപ്പെട്ട ഏറ്റവും പഴക്കം ചെന്ന ഗണപതിശില്പത്തിന് ഏതാണ്ട് ഒന്നരസഹസ്രാബ്ദത്തിലേറെ പഴക്കമുണ്ടെന്നാണു ചരിത്രകാരന്മാരുടെ അഭിപ്രായം. അതിനേക്കാളൊക്കെ മുൻപ് യാജ്ഞവല്ക്യസ്മൃതിയിൽ വിനായകൻ പരാമർശിക്കപ്പെടുന്നുണ്ട്. അതിനും മുൻപ്, ഭാരതവുമായി പരിചയമുള്ള ചില യവനചക്രവർത്തിമാരുടെ നാണയങ്ങളിൽ ഗണപതീചിത്രം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു വിഷയവിദഗ്ദ്ധർക്ക് അഭിപ്രായമുണ്ട്. എത്രകാലമാണ് ആ വിശ്വാസത്തിനു പഴക്കം എന്നതുപോലും കൃത്യമായി നിർണ്ണയിക്കുക അസാദ്ധ്യമാണ്. അത്രത്തോളം പുരാതനമായ, മറ്റു പുരാതനസംസ്കൃതികൾ പോലും പരിചയപ്പെടുകയും പകർത്തുകയും ചെയ്ത, മനോഹരവും അർത്ഥപൂർണ്ണവുമായ സങ്കല്പമാണ്, വിശ്വാസമാണ് ഗണപതി. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും ഭാരതസംസ്കാരത്തിന്റെ അത്യുകൽകൃഷ്ടമായ അടയാളമായാണ് ഗണപതി ഇന്നും നിലകൊള്ളുന്നത്.
വിനായകസങ്കല്പത്തെ പല തലങ്ങളിൽ വായിച്ചെടുക്കുന്ന ഒരുപാടു പണ്ഡിതരുണ്ട്. ‘മിത്ത്’, ‘മിത്തോളജി’, തുടങ്ങിയ പദങ്ങൾ, ഇവരുടെയെല്ലാം പഠനങ്ങളിൽ ധാരാളമായിക്കാണുകയും ചെയ്യാം.
മിത്ത് എന്ന പദം പോലും ലളിതമല്ല. പല അടരുകളായിട്ട് അതിനെക്കാണാമെന്ന് അഭിപ്രായമുള്ള നരവംശശാസ്ത്രജ്ഞരുണ്ട്. ഗണപതിയെക്കുറിച്ചു പറഞ്ഞാൽ, പുരാണങ്ങളിലും ഇതിഹാസങ്ങളിലുമായി ഗണപതിയെക്കുറിച്ചു സൂചനയുള്ള പാഠങ്ങളും ആ പാഠങ്ങളിലുള്ള കഥകളുമാണ് മിത്തിന്റെ പ്രാഥമികമായ തലം. ആ കഥകൾക്കും പാഠങ്ങൾക്കുമുള്ള പ്രതീകാത്മകതയും മറ്റു ദേവീദേവന്മാരുമായുള്ള ബന്ധത്തെയുമെല്ലാം സൂചിതമാക്കുന്ന വിശദാംശങ്ങളാണ് മിത്തിന്റെ അടുത്ത തലം. ഗണപതിസങ്കല്പത്തിന്റെ ദാർശനികവും അഭൗമവുമായ മാനങ്ങളാണ് മൂന്നാമത്തെ തലം. അതിന്റെ നാലാമത്തെ തലം ഗണപതിസങ്കല്പത്തിന്റെ സാമൂഹികവും മനശ്ശാസ്ത്രപരവുമായ മാനങ്ങളാണ്; എങ്ങനെയാണ് അതൊരു വിശ്വാസിയുടെ ജീവിതത്തിലും വിശ്വാസത്തിലും അർത്ഥവത്തായി മാറുന്നത് എന്ന അന്വേഷണം.
ഇതൊന്നുമല്ലാതെ ‘അന്ധവിശ്വാസം’ എന്നതിനോടു സമീകരിച്ചു കൊണ്ട് മിത്ത് എന്നുപയോഗിക്കുന്നതിൽ ശരികേടുണ്ട്. അങ്ങനെയാണു സ്പീക്കർ തന്റെ പ്രസംഗത്തിൽ ആ പദമുപയോഗിച്ചത് എന്നാണു മനസ്സിലാവുന്നത്.
വിനായകസങ്കല്പം അന്ധവിശ്വാസമാണെന്ന് ഒരാൾ പറയുന്നുവെങ്കിൽ അതിൽ പ്രതിഷേധിക്കേണ്ട കാര്യമൊന്നുമില്ല. മതബദ്ധമായ വിശ്വാസങ്ങളെയെല്ലാം തള്ളിക്കളയുന്ന, അതെല്ലാം അന്ധവിശ്വാസങ്ങളാാണെന്നു പറയുന്ന, എത്രയോ പേരുണ്ട്. തന്റെ മതം മാത്രമാണു ശരിയെന്നും മറ്റുള്ള പദ്ധതികളെല്ലാം അന്ധവിശ്വാസങ്ങളാണെന്നും പറയുന്നവരുണ്ട്. അങ്ങനെയൊരു കടുത്ത നിരീക്ഷണം, യോജിക്കാവുന്നതല്ലെങ്കിലും, ഒരു പരിധി വരെ മനസ്സിലാക്കാവുന്നതാണെന്നാണ് എന്റെ പക്ഷം.
എന്നാൽ അത്തരത്തിലൊരു നിരീക്ഷണം ഒരു ജനപ്രതിനിധിയിൽ നിന്നാവുന്നത് മനസ്സിലാക്കാവുന്നതല്ലെന്നു മാത്രമല്ല, അത് അപകടകരവുമാണ്. ഇസ്‌ലാം പുരോഗമനപരമായ മതമാണെന്ന് സ്പീക്കർ നേരത്തേ നിലപാടെടുത്തിട്ടുണ്ട്. അങ്ങനെയൊരു നിലപാടു പുലർത്തിക്കൊണ്ട്, ഹിന്ദുവിശ്വാസപദ്ധതിയിലെ അതിപ്രധാനമായ ഒരു സങ്കല്പം അന്ധവിശ്വാസമാണെന്ന് അദ്ദേഹം പറയുന്നുവെങ്കിൽ അത് ഹിന്ദുമതവിശ്വാസികൾക്കൊന്നടങ്കം അസ്വസ്ഥതയുണ്ടാക്കുന്നതാണ്.
ഒരു കാര്യം കൂടിപ്പറഞ്ഞു കൊണ്ട് ഈ കുറിപ്പു ചുരുക്കാം. ഗണപതിയ്ക്ക് ആനയുടെ ശിരസ്സു വന്നതിനെ പ്ലാസ്റ്റിക് സർജ്ജറിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് പണ്ടു പ്രധാനമന്ത്രിയുടേതായുണ്ടായ ചില പ്രസ്താവനകളെ വിമർശിച്ചു കൊണ്ടാണു സ്പീക്കർ സംസാരിച്ചത്. ആ പ്രസ്താവം ഇത്രയേറെ കോലാഹലമുയർത്തേണ്ട വിഷയമാണെന്നോ പരിഹസിക്കപ്പെടേണ്ടതാണെന്നോ എനിക്ക് ഇനിയും തോന്നിയിട്ടില്ല.
വിശ്വാസികൾ പലപ്പോഴും അവരുടെ സങ്കല്പങ്ങളെ ആധുനികതയുമായും ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകളുമായും തട്ടിച്ചുനോക്കും. അത് ഹിന്ദുമതവിശ്വാസികളുടെ മാത്രം കാര്യമൊന്നുമല്ല. എല്ലാവരും അതു ചെയ്യും. അതു ബോധപൂർവ്വമാവാം, അല്ലാതെയാവാം. അതു പല കാരണങ്ങളാലാവാം. തങ്ങളുടെ വിശ്വാസത്തിനു പ്രസക്തി കണ്ടെത്താനാവാം. തങ്ങളുടെ യുക്തിപരതയെ തങ്ങൾക്കു തന്നെ ബോദ്ധ്യപ്പെടുത്താനാവാം. ചിലപ്പോഴൊക്കെ ശാസ്ത്രം മതത്തിനു പിറകിലാണെന്ന ധാരണയാലാവാം. അങ്ങനെയൊന്നുമല്ലാതെ കേവലം കൗതുകത്തിനു പുറത്തുമാവാം. അതെന്തായാലും ഇങ്ങനെയൊരു താരതമ്യം ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നുണ്ട് എന്നതാണു വാസ്തവം. അതിനർത്ഥം അയാൾ മതത്തെയോ വിശ്വാസപദ്ധതികളെയോ ശാസ്ത്രത്തിനു പകരം വെയ്ക്കുന്നു എന്നാവില്ല. ഇങ്ങനെയൊരു കാഴ്ചപ്പാടാണ് വിശ്വാസത്തെ ശാസ്ത്രവുമായി തട്ടിച്ചുനോക്കാൻ, താരതമ്യങ്ങൾ കണ്ടെത്താൻ, പ്രചോദിപ്പിക്കുന്നത്. അതിൽ വലിയ തെറ്റു പറയാനാവില്ല.
ഇതിൽ അടിസ്ഥാനപരമായ രണ്ടു നിലപാടുകളുടെ വ്യത്യാസം കൂടിയുണ്ട്. ഒരു ഉദാഹരണം പറയാം. കൗടില്യന്റെ അർത്ഥശാസ്ത്രത്തിലെ ചില പ്രകരണങ്ങൾ പരിശോധിച്ചു കൊണ്ട് പ്രസിദ്ധനായ ഒരു ചരിത്രകാരൻ, (“ഇന്ത്യ എന്ന വിസ്മയം” എന്ന പുസ്തകത്തിൽ എ എൽ ബാഷാം ആണെന്നാണ് എന്റെ ഓർമ്മ) കൗടില്യനെയും പുരാതനഭാരതത്തെയും പ്രകീർത്തിക്കുന്നുണ്ട്. വളരെ പുരോഗമനപരവും ആധുനികമെന്നു പോലും പറയാവുന്ന ഭരണസങ്കല്പങ്ങൾ പുരാതനഭാരതത്തിലുണ്ടായിരുന്നു എന്നു പറയുന്നുണ്ട്. ഇതേ ഗ്രന്ഥം റൊമിലാ ഥാപ്പറും പരിശോധിക്കുന്നുണ്ട്. അവർ പറയുന്നത്, ഇങ്ങനെ പുരോഗമനപരമെന്നു പറയാവുന്ന ചിലതൊക്കെ അർത്ഥശാസ്ത്രത്തിലുണ്ടെങ്കിലും പുരാതനഭാരതത്തിൽ ഇതു പ്രാവർത്തികമാക്കിയിരുന്നു എന്നതിനു തെളിവുകളൊന്നുമില്ല എന്നാണ്. നോക്കൂ, ആദ്യത്തെയാൾ മഹത്തായ ചില ആശയങ്ങളുയിരെടുക്കാൻ പാകത്തിനുള്ള ബൗദ്ധികവും ചിന്താപരവുമായ ഉന്നതി ഭാരതത്തിനുണ്ടായിരുന്നു എന്നാണു പറയുന്നത്. രണ്ടാമത്തെയാൾ, ആ ആശയഗരിമയെയും ഔന്നത്യത്തെയും പാടെ വിസ്മരിച്ചുകൊണ്ട്, അതു യഥാർത്ഥത്തിൽ പ്രാവർത്തികമായിട്ടുണ്ടായിരുന്നോ എന്നു മാത്രമാണു പരിശോധിക്കുന്നത്.

ഈ വ്യത്യാസം ഗണപതിയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളെ ചർച്ച ചെയ്യുമ്പോഴുമുണ്ട്. പുരാതനഭാരതത്തിൽ പ്ലാസ്റ്റിക് സർജ്ജറിയുണ്ടായിരുന്നോ എന്നതെല്ലാം അപ്രസക്തമാണ്. പ്രസക്തമായ കാര്യം ആധുനികമായ ചില ആശയങ്ങളുടെ പ്രാഗ്‌രൂപം വിശ്വാസിക്ക് ഇങ്ങനെയുള്ള സങ്കല്പങ്ങൾക്കു പിറകിൽ ദർശിക്കാൻ കഴിയുമോ എന്നതാണ്. അതു കഴിയുമെന്നിരിക്കെ, പരിഹാസങ്ങൾ അനാവശ്യമാണ്.
സ്പീക്കറുടെ വിവാദമായ അഭിപ്രായത്തിലേക്കു തിരിച്ചു വന്നാൽ, അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ കാതൽ, അദ്ദേഹം സ്വസമുദായവുമായി ബന്ധപ്പെട്ടു നേരത്തെ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ പരിശോധിച്ചാൽ, മതേതരത്വവുമായി ഒട്ടും ചേർന്നുപോവുന്നതുമല്ല.
“മലയ്ക്കു പോവുന്നു” എന്നു കേൾക്കുമ്പോൾ പുച്ഛം തോന്നുന്നയാൾക്കു “മലക്കു പോവുന്നു” എന്നു കേൾക്കുമ്പോൾ ആദരവു തോന്നുന്നുവെങ്കിൽ അയാളുടേതു മതേതരത്വമാവില്ല. തിരിച്ചും.

Related Articles

Latest Articles