ദില്ലി : സംസ്ഥാനങ്ങളിൽ പ്രത്യേക വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന( എസ്‌ഐആർ ) നടത്തുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ ഈ മാസം 30-നകം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന ഒക്ടോബറിലോ നവംബറിലോ ആരംഭിക്കാനാണ് സാധ്യത. ഈ മാസം ആദ്യം ചേർന്ന യോഗത്തിൽ അടുത്ത 10 മുതൽ 15 ദിവസത്തിനുള്ളിൽ പ്രത്യേക തീവ്ര പുനഃപരിശോധന നടപ്പിലാക്കാൻ തയ്യാറാകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നത്. പിന്നീട്, കൂടുതൽ വ്യക്തതയ്ക്കായി, സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടുകയായിരുന്നു. അവസാനത്തെ തീവ്ര പുനഃപരിശോധനയ്ക്ക് ശേഷം ഓരോ സംസ്ഥാനങ്ങളിലെയും വോട്ടർ പട്ടികകൾ തയ്യാറാക്കി വെക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്.
മിക്ക സംസ്ഥാനങ്ങളിലും അവസാനമായി തീവ്ര പുനഃപരിശോധന നടന്നത് 2002-നും 2004-നും ഇടയിലാണ്. അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ 2026-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്.ജനനസ്ഥലം പരിശോധിച്ച് അനധികൃത വിദേശ കുടിയേറ്റക്കാരെ ഒഴിവാക്കുക എന്നതാണ് ഈ തീവ്ര പുനഃപരിശോധനയുടെ പ്രധാന ലക്ഷ്യം.

