മലപ്പുറം: എംഎസ്എഫിൽ വീണ്ടും പൊട്ടിത്തെറി. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ സംസ്ഥാന നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വനിതാ വിഭാഗമായ ‘ഹരിത’ വീണ്ടും രംഗത്തുവന്നിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് നവാസുൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. യോഗത്തിനിടെ വനിതാ നേതാക്കളെ അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇതുസംബന്ധിച്ച് വനിതാ കമ്മീഷനു മുന്നിലാണ് വനിതാ വിഭാഗം പരാതി നൽകിയിരിക്കുന്നത്.
എന്നാൽ ഇത് ആദ്യത്തെ സംഭവമല്ല, ഇത്തരത്തിൽ നേതൃത്വത്തിനെതിരെ വനിതകൾ പരാതി നൽകുന്നത്. ഹരിതയുടെ സംസ്ഥാന ഭാരവാഹികള്‍ സംഘടനയില്‍ അവഹേളനവും അടിച്ചമര്‍ത്തലും നേരിടുകയാണെന്നു ചൂണ്ടിക്കാട്ടി ഇതിനുമുൻപും പരാതികൾ നൽകിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീവിരുദ്ധരാണെന്നും പൊതു ഇടങ്ങളില്‍ നിരന്തരമായി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും അന്നും വനിതകൾ ചൂണ്ടിക്കാട്ടിയിരുന്നു. മുതിര്‍ന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ്, കെ പി എ മജീദ്, പി എം എ സലാം തുടങ്ങിയവര്‍ക്കാണ് അന്ന് പരാതിക്കത്ത് നല്‍കിയത്. ഇതിനു പുറമെ, എംഎസ്എഫ് ദേശീയ ഭാരവാഹികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ നീചമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വനിതാ പ്രവര്‍ത്തകര്‍ക്കെതിരേ സംഘടനയ്ക്കുള്ളില്‍ കുപ്രചാരണം നടക്കുന്നു. ഈ നിലപാട് പെണ്‍കുട്ടികളെ സംഘടനയില്‍ നിന്നകറ്റും. വിഷയത്തില്‍ ലീഗ് സംസ്ഥാന കമ്മിറ്റി അടിയന്തര നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ പോലും സംശയത്തിലാക്കുന്ന തരത്തിലാണ് നേതാക്കളുടെ പ്രസംഗങ്ങള്‍ എന്നും പരാതിയിൽ പറയുന്നുണ്ട്. സംഘടനയ്ക്കുള്ളില്‍ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പ്രചാരണം നടക്കുന്നു. ഈ നിലപാട് പെണ്‍കുട്ടികളെ സംഘടനയില്‍ നിന്ന് അകറ്റുമെന്നാണ് വനിതാ വിഭാഗം പറയുന്നത്.
എന്നാൽ ഹരിതയുടെ സംസ്ഥാന നേതാക്കള്‍ ഒരു ‘പ്രത്യേകതരം ഫെമിനിസം’ പാര്‍ട്ടിയില്‍ വളര്‍ത്തുകയാണെന്നാണ് ചില നേതാക്കളുടെ ആക്ഷേപം. ‘ഹരിത’യുടെ പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാന്‍ മടിയുള്ളവരാണ്. വിവാഹം കഴിച്ചാല്‍ തന്നെ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരാണെന്നും എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ പറയുന്ന വോയ്‌സ് മെസേജുകള്‍ ലഭിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ സംഘടന ആയതിനാല്‍ മാത്രം ആര്‍ക്കും അധികാരം പ്രയോഗിക്കാമെന്ന ധാര്‍ഷ്ട്യം അനുവദിക്കരുതെന്നുമാണ് ഹരിത നേതൃത്വം അന്ന് ആവശ്യപ്പെട്ടിരുന്നത്. ഇതിനു പുറമെ, യാസര്‍ എടപ്പാളാണ് ഹരിതയെ നിയന്ത്രിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും പി കെ നവാസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തേ, ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് സംഘടനയില്‍ വിവാദങ്ങളുണ്ടായിരുന്നു.ഇതിനുപിന്നാലെയാണ് തുടരെത്തുടരെ എംഎസ്എഫിൽ പൊട്ടിത്തെറി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

