ലോകത്തിന്റെ പലഭാഗങ്ങളിലും ഗോത്രാചാരത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന ഒരു അനാചാരമാണ് ചേലാ കർമ്മം. സ്ത്രീ ലൈഗീകാവയവത്തെ ഭാഗീകമായി മുറിച്ചു കളയുന്ന പ്രകൃത ആചാരമാണിത്. ലൈംഗീകത പാപമാണെന്ന് വിശ്വസിച്ചിരുന്ന കാലഘട്ടത്തിൽ സ്ത്രീ ലൈഗീകതയോട് വല്ലാത്ത അസഹിഷ്ണുത നിലനിന്നിരുന്ന കാലഘട്ടത്തിൽ സ്ത്രീകൾക്ക് ലൈംഗീക സുഖം ലഭിക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് നടത്തിയിരുന്നത്. പുരുഷന് ലൈഗീകത അനുവദിച്ച് കൊടുക്കുമ്പോഴും സ്ത്രീ അതാസ്വദിക്കരുത് എന്ന ആൺ മേൽക്കോയ്മയുടെ അന്ധ വിശ്വാസം. പക്ഷെ ഗോത്രകാലത്തെ ഈ പ്രകൃതാചാരം ഇന്നും തുടരുന്നു എന്നതാണ് വസ്തുത. ചില മത വിഭാഗങ്ങൾ ഇപ്പോഴും ഈ കാഴ്ചപ്പാടിന് അടിമകളാണ്. ലോകമെമ്പാടും ഓരോ വർഷവും എത്താണ്ട് നാല് മില്യൺ പെൺകുട്ടികൾ ഈ ക്രൂരതക്കിരയാകുന്നു എന്നാണ് ഐക്യ രാഷ്ട്ര സഭ കണക്ക് കൂട്ടുന്നത്. അതിൽ കൂടുതലും 15 വയസ്സിനു താഴെ പ്രായമുള്ള പെൺ കുട്ടികളാണ്. അതുകൊണ്ടാണ് ഐക്യ രാഷ്ട്ര സഭ ഫെബ്രുവരി 6 ഈ ക്രൂരതയോട് സന്ധിയില്ലാ ദിനമായി പ്രഖ്യാപിച്ചിട്ടുള്ളത്. International Day of Zero Tolerance for Female Genital Mutilation ഇന്ന് വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ ലോകമെമ്പാടും ആചരിക്കുകയാണ്. ചേലാ കർമ്മം ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായും സ്ത്രീകൾക്കെതിരെയുള്ള അക്രമമായും ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ കാണുന്നു.
ആഫ്രിക്കൻ രാജ്യങ്ങളിലും കടുത്ത ലിംഗ വിവേചനം നിലനിൽക്കുന്ന ചില രാജ്യങ്ങളിലുമാണ് ചേലാ കർമ്മം ഇന്നും നിലനിൽക്കുന്നത്. പക്ഷെ ഇന്ത്യയിലും ചില വിഭാഗങ്ങളുടെ ഇടയിൽ ഇപ്പോഴും ചേലാകർമ്മം നടക്കുന്നുണ്ട്. ചില മുസ്ലീം മത വിഭാഗങ്ങളാണ് ഇന്ത്യയിൽ ചേലാകർമ്മം അനുഷ്ഠിക്കുന്നത്. ഈ സമീപകാലത്തു പോലും കേരളത്തിൽ ഇത്തരം ആചാരങ്ങൾ മുസ്ലിങ്ങളുടെ ഇടയിൽ നടക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ പല ജില്ലകളിലും ഇത് ചെയ്തുകൊടുക്കുന്ന ക്ലിനിക്കുകൾ പോലും നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. സർക്കാർ ഇതിനെതിരെ നടപടിയെടുക്കും എന്ന് അന്ന് പറഞ്ഞിരുന്നു. പക്ഷെ പ്രത്യക്ഷമായി യാതൊരു നടപടിയും ഉണ്ടായില്ല എന്നതാണ് വസ്തുത. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് തന്നെ ചേലാ കർമ്മം നിയമ വിരുദ്ധമാണ്. ലൈഗീകതയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയിരിക്കുന്നു. ആണും പെണ്ണും തുല്യരാണെന്ന തീർച്ചറിവ് സമൂഹത്തിൽ ഭൂരിപക്ഷത്തിനുമുണ്ട്. വികസിത രാജ്യങ്ങളുടെ സാമൂഹിക ഘടനക്ക് സമാനമാണ് കേരളമെന്നു നാം മേനി പറയുമ്പോഴും ഇത്തരം പ്രകൃത വിശ്വാസങ്ങൾ ആശങ്കാ ജനകമാണ്.
ചേലാകർമ്മം ചെയ്യുന്നത് കൊണ്ട് ആരോഗ്യപരമായി വലിയ പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നുണ്ട്. മനുഷ്യ ശരീരത്തെ കുറിച്ച് യാതൊരു ശാസ്ത്രീയ അറിവുമില്ലാത്ത മതപുരോഹിതൻ അണുവിമുക്തി പോലും വരുത്താത്ത നോൺ മെഡിക്കൽ ഉപകരണങ്ങൾ കൊണ്ട് ശരീര ഭാഗം പ്രത്യേകിച്ച് ജനനേന്ദ്ര്യം മുറിക്കുന്നു. കടുത്ത വേദനയും രക്തസ്രാവവും ഇതിന് ഇരയാവുന്നവർ അനുഭവിക്കുന്നു. മൂത്രത്തിലെ അണു ബാധ മുതൽ പ്രസവ സമയത്തെ സംഗീർണ്ണതകൾ വരെ ഈ ചേലാ കർമ്മത്തിനിരയാകുന്ന സ്ത്രീകൾ നേരിടേണ്ടി വരുന്നു. ഗുരുതരമായ മാനസിക പ്രശ്നങ്ങളും ലൈഗീകതയോട് വിരക്തിയും ഇവർ അനുഭവിക്കേണ്ടി വരുന്നു.
ഇത്തരം അനാചാരങ്ങൾ പരിഷ്കൃത സമൂഹത്തിലും വച്ചു പുലർത്തുന്നവർക്കെതിരെ സാമൂഹിക പ്രതിരോധവും നിയമ നടപടികളും ഉണ്ടാകണം. ലിംഗ നീതിയുടെ മാത്രമല്ല കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയായ ചേലാ കർമ്മത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിൽ അണിചേരാം.

