Wednesday, October 14, 2026

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളക്ക് നാളെ തിരിതെളിയും; ഡെലിഗേറ്റ് പാസുകളുടെ വിതരണം ഇന്ന് മുതൽ

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളക്ക് (IDSFFK) നാളെ തിരിതെളിയും. ഹ്രസ്വ ചിത്രമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിലെ ഓഡി 1, 4, 5, 6 എന്നിവിടങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. പ്രതിസന്ധിയുടെ കാലത്തെ അതിജീവനം പ്രമേയമാക്കിയ പത്ത് പ്രത്യേക ചിത്രങ്ങൾ ഉൾപ്പടെ 220 സിനിമകൾ വ്യാഴാഴ്ച ആരംഭിക്കുന്ന മേളയിൽ പ്രദർശിപ്പിക്കും. ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ, മത്സരേതര മലയാളം വിഭാഗം, ഹോമേജ് ,അനിമേഷൻ, മ്യൂസിക് വീഡിയോ തുടങ്ങിയ വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദർശനം.

ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തിൽ സോണിയ ഫിലിന്റോ ഒരുക്കിയ ബ്രഡ് ആൻഡ് ബിലോങിങ്,സുവദ്രോ ചൗധരിയുടെ ക്ലോസ് ടു ബോർഡർ ,ആസാമീസ് ചിത്രം ഡെയ്‌സ് ഓഫ് സമ്മർ ,കീമത് ചുക്കാത്തി സിന്ദഗി,ബാണി സിങ്ങിന്റെ ലോങ്ങിങ്,അജയ് ബ്രാറിന്റെ ദി ഹിഡൻ വാർ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ഫോക്കസ് ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ കുംഭ,മേക്കിങ് ഓഫ് മോസസ്,ഹരിപ്രിയ,എ പഫ് എന്നിവ ഉൾപ്പടെ 25 ചിത്രങ്ങളാണ് മേളയിലെത്തുക. അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ 21 ചിത്രങ്ങളും മത്സരേതര മലയാളം വിഭാഗത്തിൽ 15 ചിത്രങ്ങളും പ്രദർശനത്തിനെത്തും. ഒരു തുടക്കത്തിന്റെ കഥ എന്ന മലയാളം ചിത്രം ഉൾപ്പടെ നാലു അനിമേഷൻ ചിത്രങ്ങളും മൂന്നു മ്യൂസിക്കൽ വീഡിയോകളും മേളയിലുണ്ട്.

പ്രമുഖ ക്യുറേറ്ററായ റഷീദ് ഇറാനി,സംവിധായിക സുമിത്ര ഭവേ എന്നിവരോടുള്ള ആദരസൂചകമായി ഇഫ് മെമ്മറീസ് സെർവ്സ് മീ റൈറ്റ് ,എ പാരലൽ ജേർണി എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലായി ദേശീയ മത്സരവും സംസ്ഥാനാടിസ്ഥാനത്തിൽ ക്യാമ്പസ് വിഭാഗ മത്സരവും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം പ്രതിനിധികളും രാജേഷ് രാജാമണി, ഇഫാത്ത് ഫാത്തിമ,പങ്കജ് ഋഷി കുമാർ എന്നിവർ ഉൾപ്പടെ നൂറോളം പ്രശസ്തർ മേളയുടെ ഭാഗമാകും.

അതേസമയം രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം സാംസ്ക്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ നിർവഹിക്കും .മേയർ ആര്യാ രാജേന്ദ്രനാണ് ആദ്യ പാസ് ഏറ്റുവാങ്ങുന്നത്. വൈകിട്ട് നാലിന് ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലിലാണ് പാസ് വിതരണം നടക്കുന്നത് .ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സെക്രട്ടറി അജോയ് സി തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Latest Articles