Friday, January 9, 2026

നിപയിൽ വീണ്ടും ആശ്വാസം; ആശങ്ക അകലുന്നു, 15 പേരുടെ ഫലം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപയിൽ വീണ്ടും ആശ്വാസം. നിപ സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതോടെ സമ്പർക്ക പട്ടികയിലുള്ള 61 പേരുടെ സാമ്പിൾ നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് പുറത്തു വന്നത്. റൂട്ട് മാപ്പടക്കം പ്രസിദ്ധീകരിച്ചിട്ടും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കാത്തത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.

എന്നാൽ സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ കൂടി ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. പുറത്ത് വരുന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ വലിയ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്.

അതേസമയം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത പരിസരത്ത് അസ്വാഭാവികമായി മരിച്ച ആളുകളുണ്ടോയെന്ന് പരിശോധന നടത്തിയപ്പോള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല എന്നതും ആശ്വാസം തരുന്ന ഒരു കാര്യം തന്നെയാണ്. ഇക്കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്നത് . കോഴിക്കോട് പന്ത്രണ്ട് വയസുകാരന്റെ മരണകാരണം നിപയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്.

Related Articles

Latest Articles