ദില്ലി: ഐപിഎല്‍ 14ാം സീസണിനായുള്ള താരലേലം ഫെബ്രുവരി 16ന് നടക്കാന്‍ പോവുകയാണ്. താരലേലത്തിനുളള നീക്കങ്ങള്‍ നടക്കുന്നതിനിടെ കോടികള്‍ കൊയ്യുന്നത് ഏത് താരമാണെന്ന് അറിയാനുളള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. അതിന് മുന്നോടിയായി ടീമുകളെല്ലാം നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക പുറത്തുവിട്ട് കഴിഞ്ഞു. പല സൂപ്പര്‍ താരങ്ങള്‍ക്കും ടീമുകളിലെ സ്ഥാനം നഷ്ടമായിട്ടുണ്ട്.
അതെസമയം ഏത് താരത്തിനാണ് ഐപിഎല്ലില്‍ ഏറ്റവും അധികം മോഹ വില ലഭിക്കുക എന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനാവും താരലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കുകയെന്നു ചോപ്ര പ്രവചിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കിങ്സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയ അഫ്ഗാനിസ്താന്റെ യുവ സ്പിന്നര്‍ മുജീബുര്‍ റഹ്മാനു ഏഴു മുതല്‍ എട്ടു കോടി വരെ ലേലത്തില്‍ ലഭിക്കും. ന്യൂസിലാന്‍ഡിന്റെ പുതിയ പേസ് ബൗളിങ് കണ്ടുപിടുത്തമായ കൈല്‍ ജാമിസണിന് അഞ്ചു മുതല്‍ ഏഴു കോടി വരെയും ലഭിക്കാനിടയുണ്ട്. ഇംഗ്ലീഷ് വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയിയുടെ മൂല്യം നാലു മുതല്‍ ആറു കോടി വരെയായിരിക്കും. ഗ്ലെന്‍ മാക്സ്വെല്ലിനും നതാന്‍ കൂള്‍ട്ടര്‍ നൈലിനും മോശമല്ലാത്ത ഓഫര്‍ കിട്ടാനിടയുണ്ടെന്നും ചോപ്ര ട്വീറ്റ് ചെയ്തു.
ഐപിഎല്ലില്‍ സജീവമല്ലെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുളള താരമാണ് സ്റ്റാര്‍ക്ക്. ഐപിഎല്ലില്‍ ഇതുവരെ രണ്ടു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി മാത്രമേ സ്റ്റാര്‍ക്ക് കളിച്ചിട്ടുള്ളൂ. ഒന്ന് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരാണെങ്കില്‍ രണ്ടാമത്തേത് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമാണ്.

