‘തല’ വീണ്ടും ചെന്നൈയെ നയിക്കും; ആദ്യ റിട്ടന്‍ഷന്‍ കാര്‍ഡ് തന്നെ ധോണിക്കായി ഉപയോഗിക്കുമെന്ന് സി.എസ്.കെ

0
CSK Ms Dhoni

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ചെന്നൈയെ സൂപ്പര്‍ കിങ്‌സിനെ അടുത്ത സീസണിലും മഹേന്ദ്ര സിങ് ധോണി (Dhoni) തന്നെ നയിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്മെൻറ്. ലേലത്തിലേക്ക്​ പോകുന്നതിന്​ മുമ്പ്​ ചെന്നൈ നിലനിർത്തുന്ന ആദ്യത്തെ താരം ധോണിയായിരിക്കും. എന്നാൽ, നിയമങ്ങൾ ബി.സി.സി.ഐ പ്രഖ്യാപിച്ചതിന്​ ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം നടത്താമെന്ന്​ ചെന്നൈ മാനേജ്‌മെന്റിലെ ഉന്നതന്‍ വ്യക്തമാക്കി.

ധോണിയില്ലാതെ ഞങ്ങളൊന്നും ചെയ്യില്ല. ഏത്​ ടീമും ധോണിയെ പോലൊരു താരത്തെ നിലനിർത്താൻ ആഗ്രഹിക്കും. രണ്ട്​ ടീമുകൾ കൂടി ഐ.പി.​എല്ലിൽ എത്തുന്നതോടെ പോരാട്ടം കടുക്കുമെന്നും ചെന്നൈ സൂപ്പർ കിങ്​സ്​ വക്​താവ്​ കൂട്ടിച്ചേർത്തു.

ഇത്തവണത്തെ ഐപിഎല്‍ സീസണോടെ ധോണി ക്രിക്കറ്റ് പൂര്‍ണ്ണമായും മതിയാക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. “എന്നെക്കുറിച്ചല്ല, ടീമിനെക്കുറിച്ച്‌ ചിന്തിച്ചാകും തീരുമാനം കൈക്കൊള്ളുക. താരമായിട്ടോ അല്ലാതെയോ ഞാന്‍ ചെന്നൈയ്‌ക്കൊപ്പം ഉണ്ടാകും. ഏതു റോളാണെന്ന് ഇപ്പോള്‍ പറയാനാകില്ല”- എന്നായിരുന്നു ഐപിഎൽ ഫൈനലിന് ശേഷം ധോണിയുടെ മറുപടി.

‘ഞാന്‍ സിഎസ്‌കെയില്‍ കളിക്കുന്നുണ്ടോ ഇല്ലെയോ എന്നുള്ളതല്ല. എന്താണ് സിഎസ്‌കെയ്ക്ക് ഏറ്റവും നല്ലതെന്നതിലാണ് കാര്യം. കഴിഞ്ഞ 10 വര്‍ഷത്തോളമായി ടീം ശക്തമായ നിലയില്‍ പോവുകയാണ്. ഇപ്പോള്‍ മികച്ചത് കണ്ടെത്താനുള്ള സമയമായിരിക്കുകയാണ്. ഞാനിപ്പോഴും ടീമിനോട് വിടചൊല്ലിയിട്ടില്ല’ ധോണി കൂട്ടിച്ചേര്‍ത്തു