വാഷിംഗ്ടൺ: ഗൾഫ് മേഖലയിൽ താൽക്കാലികമായി നിലനിന്നിരുന്ന വെടിനിർത്തൽ കരാർ തകർത്ത് അമേരിക്കയും ഇറാനും വീണ്ടും വ്യോമാക്രമണം പുനരാരംഭിച്ചു. തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി, കുവൈറ്റിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആക്രമണം നടത്തി. വ്യാഴാഴ്ച പുലർച്ചെ 4.50 ഓടെയായിരുന്നു ഇറാന്റെ പ്രത്യാക്രമണമെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം ഭീഷണി ഉയർത്തിയ ഇറാന്റെ നാല് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായും അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ തയ്യാറെടുത്ത ബന്ദർ അബ്ബാസിലെ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ തകർത്തതായും നേരത്തെ ഒരു മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരുന്നു. ഈ നടപടി പൂർണ്ണമായും പ്രതിരോധപരവും മേഖലയിലെ വെടിനിർത്തൽ നിലനിർത്താൻ ലക്ഷ്യമിട്ടുള്ളതുമായിരുന്നു എന്നാണ് അമേരിക്കയുടെ വാദം. എന്നാൽ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ഇറാനിയൻ ബോട്ടുകളും ലക്ഷ്യമിട്ട് യു.എസ് സെൻട്രൽ കമാൻഡ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളെ വെടിനിർത്തൽ കരാറിന്റെ ഗുരുതരമായ ലംഘനമായാണ് ഇറാൻ കാണുന്നത്. ചർച്ചകളിലെ പുരോഗതിയിൽ താൻ സംതൃപ്തനല്ലെന്നും, ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ കാര്യങ്ങൾ നേരിട്ട് അവസാനിപ്പിക്കേണ്ടി വരുമെന്നും ഡൊണാൾഡ് ട്രമ്പ് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സൈനിക നീക്കങ്ങൾ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനിലെ ആണവ-സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെയാണ് മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് തിരിച്ചടിയായി ഇറാൻ ഗൾഫ് മേഖലയിലുടനീളം മിസൈൽ-ഡ്രോൺ വർഷം നടത്തുകയും ആഗോള വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചിടുകയും ചെയ്തിരുന്നു. തുടർന്ന് പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഏപ്രിൽ 8 മുതൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വരികയും ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. ചർച്ചകളിൽ അന്തിമ തീരുമാനമായില്ലെങ്കിലും ട്രമ്പ് വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. എങ്കിലും ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതത്തിന്മേൽ അമേരിക്കൻ ഉപരോധം തുടരുന്നതും ഇപ്പോഴുണ്ടായ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകളും ഗൾഫ് മേഖലയെ വീണ്ടും സമ്പൂർണ്ണ യുദ്ധത്തിന്റെ വക്കിലേക്ക് എത്തിച്ചിരിക്കുകയാണ്.

