വാരാണസി ∙ ഭോജ്പുരി സിനിമയിലെ ഡ്രീം ഗേൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നടി അകാൻഷ ദുബെയെ വാരണാസിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, നടിയുടെ പുരുഷ സുഹൃത്ത് സമർ സിങിനും ഇയാളുടെ സഹോദരൻ സഞ്ജയ് സിങിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി അകാൻഷയുടെ മാതാവ് രംഗത്ത് വന്നു . അകാൻഷയുടെ മരണത്തിൽ ഇരുവർക്കും ഉത്തരവാദിത്തമുണ്ടെന്നു നടിയുടെ അമ്മ മധു ആരോപിച്ചു. മധുവിന്റെ പരാതിയിൽ ഇരുവരെയും പ്രതികളാക്കി ഉത്തർപ്രദേശ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
‘‘മകൾ ധീരയാണ് , അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ശനിയാഴ്ച വൈകിട്ട് ഞങ്ങൾ ഫോണിൽ സംസാരിച്ചപ്പോൾ അകാൻഷ സന്തോഷവതിയായിരുന്നു. ഞങ്ങൾക്കു നീതി കിട്ടണം. അകാൻഷയെ സമർ സിങ് അടിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. സമറിന്റെ കൂടെ മാത്രമെ അകാൻഷ ജോലി ചെയ്യാവൂ, മറ്റാരുടെയും കൂടെ ജോലിയെടുക്കരുതെന്നു നിർബന്ധിക്കും. ചെയ്യുന്ന ജോലിക്കു പ്രതിഫലം കൊടുക്കാറില്ല. മറ്റാരുടെയെങ്കിലും കൂടെ ജോലിയെടുത്താൻ മർദിക്കുകയും ചെയ്യും’’– മധു പറഞ്ഞു.
അകാൻഷയും സമറും ലിവ്–ഇൻ ബന്ധത്തിലാണ്. അകാൻഷയുടെ മൃതദേഹം കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നെന്നും ഇരുന്നുകൊണ്ട് ഒരാൾ തൂങ്ങിമരിക്കുന്നത് എങ്ങനെയാണെന്നും മധു ചോദിച്ചു. ഇതു വ്യക്തമായും കൊലപാതകമാണെന്നും മധു ആരോപിച്ചു.
ശനിയാഴ്ച രാത്രി ഇൻസ്റ്റഗ്രാമിൽ ലൈവിൽ വരികയും പൊട്ടിക്കരയുകയും ചെയ്തതിനു പിന്നാലെയാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

