Friday, May 24, 2024
spot_img

ലിബിയൻ വിദേശകാര്യ മന്ത്രി നജ്‍ല മുഹമ്മദ് മൻഖൂസുമായി രഹസ്യ ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ഇസ്രായേൽ വിദേശകാര്യ മന്ത്രി ഏലി കോഹൻ!ട്രിപ്പോളിയിൽ വൻ സംഘർഷം ! നജ്‍ലയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയതായി റിപ്പോർട്ട്; ലിബിയൻ നിയമ പ്രകാരം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നത് ഒമ്പതു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റം !

ട്രിപ്പോളി : ഇസ്രായേൽ വിദേശകാര്യ മന്ത്രി ഏലി കോഹനുമായി ലിബിയൻ വിദേശകാര്യ മന്ത്രി നജ്‍ല മുഹമ്മദ് മൻഖൂസ് കഴിഞ്ഞയാഴ്ച ഇറ്റലിയിൽ രഹസ്യ ചർച്ച നടത്തിയതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടതിന് പിന്നാലെ ലിബിയയിൽ സംഘർഷം ആളിക്കത്തുന്നു. നജ്‍ലയുമായി റോമിൽവെച്ച് ചർച്ച നടത്തിയ വിവരം ഇക്കഴിഞ്ഞ ഞായറാഴ്ച ഇസ്രായേൽ വിദേശകാര്യ മന്ത്രി ഏലി കോഹൻ തന്നെയാണ് വെളിപ്പെടുത്തിയത്. പുറമെ നിന്ന് നോക്കുന്നവർക്ക് കൂടിക്കാഴ്ചയിൽ അസ്വാഭാവികത തോന്നില്ലെങ്കിലും ലിബിയയെ സംബന്ധിച്ചടുത്തോളം ഇക്കാര്യം ഗൗരവമേറിയതാണ്. ഇസ്രായേലുമായി നയതന്ത്രബന്ധം യാതൊരു വിധത്തിലും അംഗീകരിക്കാത്ത രാജ്യമാണ് ലിബിയ. 1957 ൽ ലിബിയയിൽ പാസാക്കിയ നിയമമനുസരിച്ച് ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നത് ഒമ്പതു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്.

ഇസ്രായേൽ മന്ത്രിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് നജ്‍ലയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയതായി മുതിർന്ന ലിബിയൻ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇതാദ്യമായാണ് മുതിർന്ന ലിബിയൻ നയതന്ത്ര പ്രതിനിധി ഇസ്രായേൽ പ്രതിനിധിയുമായി ചർച്ച നടത്തുന്നത്.

അതേസമയം, നജ്‍ലയെ മന്ത്രിപദവിയിൽനിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്തതായി പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദബീബ പ്രഖ്യാപിച്ചു. യുവജന മന്ത്രി ഫതല്ലാഹ് അൽസാനിക്ക് പകരം ചുമതല നൽകിയതായും ദബീബ അറിയിച്ചു. നജ്‍ലക്കെതിരെ ‘ഭരണപരമായ അന്വേഷണം’ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയുടെ ആതിഥ്യത്തിൽ കഴിഞ്ഞയാഴ്ചയാണ് റോമിൽ ഇരു മന്ത്രിമാരും ചർച്ച നടത്തിയത്. അതെ സമയം കോഹന്റെ വെളിപ്പെടുത്തലിൽ ഇസ്രായേലിലും പ്രതിഷേധമുയരുന്നുണ്ട്. നയതന്ത്ര മര്യാദകൾ ലംഘിക്കുന്നതാണ് കോഹന്റെ നടപടിയെന്ന് വിമർശനമുയർന്നു. ഇസ്രായേലിന്റെ വിശ്വാസ്യത വലിയതോതിൽ തകരാൻ കോഹന്റെ വെളിപ്പെടുത്തൽ കാരണമായതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇറ്റലിയിൽ വെച്ച് ഇസ്രായേലിനെ പ്രതിനിധാനം ചെയ്യുന്ന ആരുമായും ചർച്ച നടത്താൻ നജ്‍ല തയാറായില്ലെന്ന് ലിബിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചക്കിടെ, അനൗപചാരികമായാണ് കോഹനുമായി കണ്ടുമുട്ടിയതെന്നും ഏതെങ്കിലും തരത്തിലുള്ള ചർച്ചയോ കരാറോ ഈ കൂടിക്കാഴ്ചയിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തെ ചർച്ചയായി ചിത്രീകരിക്കാനാണ് ഇസ്രായേലിന്റെ ശ്രമമെന്നും ലിബിയൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

Related Articles

Latest Articles