Saturday, April 27, 2024
spot_img

ചന്ദ്രയാൻ മൂന്ന്; ചന്ദ്രോപരിതലത്തിലെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പുറത്തു വിട്ട് ഐഎസ്ആര്‍ഒ, ലാന്‍ഡറിലെ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് കാമറ പകര്‍ത്തിയത് ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത ഭാഗങ്ങളിലെ ചിത്രങ്ങൾ

ദില്ലി: ചന്ദ്രോപരിതലത്തിലേക്ക് അടുക്കുന്ന ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാൻ മൂന്നിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് ഐഎസ്ആര്‍ഒ. ചന്ദ്രന്റെ ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത ഭാഗങ്ങളിലെ ചിത്രങ്ങളാണ് ലാന്‍ഡറിലെ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് കാമറ പകര്‍ത്തിയ ശേഷം പുറത്തുവിട്ടത്. വലിയ ഗര്‍ത്തങ്ങള്‍ അടക്കം ചിത്രങ്ങളില്‍ വ്യക്തമാണ്.

ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തീകരിച്ച വാർത്ത മാദ്ധ്യമങ്ങളിൽ നിറഞ്ഞതാണ്. പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 25 കിലോമീറ്റര്‍ അടുത്ത ദൂരവും 134 കിലോമീറ്റര്‍ അകന്ന ദൂരവുമുള്ള ഭ്രമണപഥത്തില്‍ എത്തി. ആഗസ്റ്റ് 23ന് വൈകീട്ട് 5.45 നു സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങും. ഇതിനായുള്ള തയ്യാറെടുപ്പാണ് ഇനി നടക്കുക.

അതേസമയം ചന്ദ്രയാൻ 3ന് ഒപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകർന്നതായി സ്ഥിരീകരിച്ചു. . ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച റഷ്യയുടെ പേടകമായ ‘ലൂണ 25’ ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജൻസി വ്യക്തമാക്കി. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായും പരിഹരിച്ചതായും വാർത്തകൾ വന്ന മണിക്കൂറുകൾ പിന്നിടുമ്പോഴാണ് തകർന്നതായി സ്ഥിരീകരണം വന്നത്. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 ഇന്ന് ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി.

Related Articles

Latest Articles