Monday, September 28, 2026

പൗരത്വ നിയമത്തിലൂടെ തിരുത്തിയത് ചരിത്രപരമായ അനീതി : പ്രധാനമന്ത്രി

ദില്ലി: അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളോടുള്ള വാഗ്ദാനം നിറവേറ്റുകയും ചരിത്രപരമായ അനീതി തിരുത്തുകയുമാണ് പൗരത്വ നിയമത്തിലൂടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ എന്‍സിസി കേഡറ്റുകളുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ സ്വതന്ത്ര ഇന്ത്യയെ ഭരിച്ചിരുന്നവര്‍ വിഭജനത്തെ അംഗീകരിച്ചു. നെഹ്‌റു-ലിയാഖത്ത് കരാര്‍ പറയുന്നത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനെ സംബന്ധിച്ചാണ്. ഗാന്ധിയും അതിനെ ആശീര്‍വദിച്ചു. ഇന്ത്യ നല്‍കിയ വാഗ്ദാനം നിറവേറ്റാനാണ് പൗരത്വ ഭേദഗതി നിയമം ആവിഷ്‌ക്കരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രീയ എതിരാളികള്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിനു വേണ്ടിയാണ് നിയമത്തെ എതിര്‍ക്കുന്നതെന്നും മോദി ആരോപിച്ചു. എന്തുകൊണ്ടാണ് അവര്‍ അതിക്രമങ്ങള്‍ ശ്രദ്ധിക്കാത്തത്. എന്തുകൊണ്ടാണ് അവര്‍ അതിക്രമങ്ങളെ നിരാകരിക്കാത്തത്. അവര്‍ പ്രതികരിക്കേണ്ടതുണ്ട്.

ചിലര്‍ ദളിതരുടെ ശബ്ദമായി പ്രവര്‍ത്തിക്കുന്നു. പാക്കിസ്ഥാനിലെ ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവഗണിക്കുന്ന അതേ ആളുകള്‍ തന്നെയാണിത്. പാക്കിസ്ഥാന്‍ വിട്ട് ഇന്ത്യയിലേക്ക് വന്ന പീഡനത്തിനിരയായവരില്‍ ഭൂരിഭാഗവും ദളിതരാണെന്നും അവര്‍ മറക്കുന്നു- മോദി പറഞ്ഞു. ഒരിക്കല്‍ ഭരണഘടന ചവറ്റുകുട്ടയിലിട്ട ആളുകളാണ് അതിനെക്കുറിച്ച് സംസാരിക്കുന്നതെന്നും മോദി ആരോപിച്ചു.

Related Articles

Latest Articles