ഒമിക്രോണിനെ ചെറുക്കാൻ തുണി മാസ്‌കിന് കഴിയില്ലെന്ന് (Cloth Mask Donot Resist Omicron) മുന്നറിയിപ്പ്. ഫാഷൻ ഉത്പ്പന്നമെന്ന രീതിയിൽ, തുണികൊണ്ടു വിവിധ നിറത്തിൽ നിർമിക്കുന്ന മാസ്‌കുകൾക്കെതിരേയാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയത്. പുനരുപയോഗിക്കാവുന്ന പല മാസ്‌കുകളും കോവിഡിനെ പ്രതിരോധിക്കുന്നതിൽ പിന്നിലാണെന്നും മുന്നറിയിപ്പിൽ പറയുന്നു. എൻ95 മാസ്‌കോ, മൂന്ന് പാളികളുള്ള സർജിക്കൽ മാസ്‌കോ ഇതിനായി ഉപയോഗിക്കണം. 95 ശതമാനം കണികകളേയും തടഞ്ഞുനിർത്തുന്നുവെന്ന് ഉറപ്പുനൽകുന്ന മാസ്‌കുകളാണ് ഉപയോഗിക്കേണ്ടത്.
കണികകളേയും പൊടിപടലങ്ങളേയും എൻ95 മാസ്‌കിന് അരിച്ചെടുക്കാനാകുമെന്ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അഭിപ്രായപ്പെടുന്നു. തുണി മാസ്‌കുകളെ സംബന്ധിച്ചിടത്തോളം 75 ശതമാനത്തോളം വൈറസുകൾ ഉള്ളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. എൻ95 മാസ്‌കുമായി താരതമ്യം ചെയ്യുമ്പോൾ സർജിക്കൽ മാസ്‌ക് അൽപം അയഞ്ഞതാണെങ്കിലും തുണി മാസ്‌കുകളെക്കാൾ മികച്ച പതിരോധം തരാൻ അവയ്‌ക്കാകും. അതേസമയം സർജിക്കൽ മാസ്‌കിന് പുറമേ ഒരു തുണി മാസ്‌ക് കൂടി വയ്‌ക്കുന്ന ഇരട്ട മാസ്‌കിങ് അധിക സംരക്ഷണം നൽകുമെന്നും വിദഗ്ധർ പറയുന്നു.
ഒന്നിന് മുകളിൽ ഒന്നായി രണ്ട് മാസ്‌കുകൾ ധരിക്കുമ്പോൾ മാസ്‌കിന്റെ ഫിൽട്രേഷനുള്ള കഴിവ് മെച്ചപ്പെടുന്നു. ഇതുവഴി വൈറസ് കലർന്ന സ്രവം അകത്തേക്കും പുറത്തേക്കും പോകുന്നത് തടയാൻ സഹായിക്കുന്നു. രോഗമുള്ളയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും മറ്റുള്ളവരിൽ നിന്ന് രോഗം പടരാതിരിക്കാനും ഇത് സഹായിക്കും. ഇത്തരത്തിൽ ഡബിൾ മാസ്‌ക് ധരിക്കുന്നത് വഴി 85.4 ശതമാനം അണുക്കളെയും തടയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

