Saturday, May 18, 2024
spot_img

ചൈനയുടെ നെഞ്ചിൽ കതിന പൊട്ടിച്ച് ഇറ്റലി ! ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ സ്വപ്ന പദ്ധതി ബെൽറ്റ് ആന്റ് റോഡിൽ നിന്ന് പിന്മാറി; തീരുമാനം ഔദ്യോഗികമായി അറിയിച്ചു

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡിൽ നിന്ന് പിന്മാറി ഇറ്റലി. ഇക്കാര്യം ചൈനയെ അവർ ഔദ്യോഗികമായി അറിയിച്ചു. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് ഇറ്റലി പിന്മാറിയേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദില്ലിയിൽ നടന്ന ജി20 ഉച്ചകോടിയ്ക്കിടയിൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർ‌ജിയ മെലോണി ഇത് സംബന്ധിച്ച ചർച്ച നടത്തിയതായും വിവരമുണ്ടായിരുന്നു.  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ- ഗൾഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച ജി20 വേദിയിൽ തന്നെയാണ് ബെൽറ്റ് ആന്റ് റോഡ് പദ്ധതിയിൽ നിന്ന് ഇറ്റലിയുടെ പിന്മാറ്റം സംബന്ധിച്ച സൂചനകൾ പുറത്ത് വന്നത്.

നൂറിലധികം രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ വൻകിട വാണിജ്യ നയതന്ത്ര പദ്ധതിയായാണ് ബെൽറ്റ് ആന്റ് റോഡ് ഉടമ്പടി.പത്ത് വർഷങ്ങൾക്ക് മുൻപ് 2013-ൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയിൽ 2019-ലാണ് ഇറ്റലി ഭാഗമാകുന്നത്. നിലവിൽ ചൈനയുമായി ഇടഞ്ഞു നിൽക്കുന്ന അമേരിക്കയെ പിണക്കാതിരിക്കാനാണ് നീക്കമെന്നാണ് വിവരം. 2019-ലാണ് ഇറ്റലി ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഭാഗമാകുന്നത്. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പടിഞ്ഞാറന്‍ രാജ്യം കൂടിയായിരുന്നു ഇറ്റലി.

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് ഇറ്റലി പിന്മാറുമെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ജോര്‍ജിയ മെലോണി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. പദ്ധതി കൊണ്ട് ഇറ്റലിക്ക് യാതൊരു ഗുണവും ഉണ്ടാകില്ല എന്നാണ് മെലോണി ഇതിന് കാരണമായി പറഞ്ഞത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ചൈനയും ഇറ്റലിയും തമ്മില്‍ 2019-ല്‍ ഒപ്പിട്ട കരാറിന്റെ കാലാവധി അടുത്ത കൊല്ലം മാര്‍ച്ചില്‍ അവസാനിക്കുകയാണ്. കരാറില്‍ നിന്ന് പിന്മാറുകയാണെന്ന് മൂന്ന് മാസം മുമ്പ് ഇറ്റലി രേഖാമൂലം അറിയിച്ചില്ലെങ്കിൽ മാര്‍ച്ചിന് ശേഷവും കരാര്‍ തുടരുമെന്നായിരുന്നു വ്യവസ്ഥ. ഇത് കണക്കിലെടുത്താണ് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കാണിച്ച് ഇറ്റലി ചൈനയ്ക്ക് കത്ത് നല്‍കിയത്.

Related Articles

Latest Articles