Wednesday, May 22, 2024
spot_img

ആകെ കൺഫ്യൂഷൻ ആയല്ലോ!! യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തു;പിഴ ലഭിച്ചത് നാലുചക്രവാഹനത്തിന്റെ ഉടമയ്‌ക്ക്

പാലക്കാട്: ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിന്റെ ക്യാമറ ദൃശ്യത്തിന് പിഴ ലഭിച്ചത് നാലുചക്രവാഹനത്തിന്റെ ഉടമയ്‌ക്ക്. തൃശ്ശൂർ-കറുകുറ്റി റോഡിൽ കറുകുറ്റി ജംഗ്ഷനിലെ ക്യാമറയിൽ പതിഞ്ഞ ഇരുചക്രവാഹനത്തിന്റെ ദൃശ്യത്തിനാണ് പിഴയടയ്‌ക്കുന്നതിനായി ഒറ്റപ്പാലം സ്വദേശിയായ സുനീഷ് മേനോന് ട്രാഫിക് പോലീസ് നോട്ടീസ് നൽകിയത്. പോലീസിന്റെ ക്യാമറയിലെ ദൃശ്യപ്രകാരം വന്ന നോട്ടീസിലാണ് പിഴ അടയ്‌ക്കുന്നതിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. പാലക്കാട് കസബ പോലീസ് സ്‌റ്റേഷനിൽ നിന്നാണ് 1,000 രൂപ പിഴ അടയ്‌ക്കുന്നതിനുള്ള നോട്ടീസ് വന്നിരിയ്‌ക്കുന്നത്. മറ്റൊരു വാഹനത്തിന്റെ നിയമലംഘനത്തിന് പിഴ അടയ്‌ക്കുന്നതിൽ നിന്നും ഒഴിവാക്കി നൽകണമെന്ന് അറിയിച്ച് വാഹന ഉടമ പോലീസിന് പരാതി നൽകിയിട്ടുണ്ട്.

അവ്യക്തതകൾ വളരെയധികം നിറഞ്ഞ നോട്ടീസാണിത്. പിഴ അടയ്‌ക്കേണ്ടത് ബസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടിസിലെ ചിത്രം ഇരുചക്ര വാഹനത്തിന്റെയും. ചിത്രത്തിനോട് ചേർന്ന ഭാഗത്തായി ഇരുചക്ര വാഹനത്തിന്റെ നമ്പറും പിഴയടയ്‌ക്കാൻ പറയുന്ന ഭാഗത്ത് സുനീഷ് മേനോന്റെ ട്രാവലറിന്റെ രജിസ്‌ട്രേഷൻ നമ്പറുമാണ് ഉള്ളത്.

ഇരുചക്ര വാഹനത്തിലെ രണ്ടാം യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചില്ലെന്ന നിയമലംഘനം അടയാളപ്പെടുത്തുമ്പോൾ പിഴ അടയ്‌ക്കുന്ന ഭാഗത്തായി വാഹനം നിർത്താതെ ഉദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഉടമ പറഞ്ഞത്.

Related Articles

Latest Articles