തിരുവനന്തപുരം: യുഎസിലെയും കാനഡയിലെയും ജയിലുകളിലെ സൗകര്യങ്ങൾ പഠിക്കാനായി ജയിൽ ഡിജിപി സുദേഷ് കുമാർ നടത്താനിരുന്ന യാത്ര റദ്ദാക്കി. വെല്ലൂരിലെ അക്കാദമി ഓഫ് പ്രിസൻസ് ആൻഡ് കറക്‌ഷനൽ അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിലാണ് യാത്ര ആസൂത്രണം ചെയ്തത്. യാത്ര അടുത്ത വർഷത്തേക്കു മാറ്റാൻ വിദേശകാര്യ മന്ത്രാലയം അക്കാദമിയോട് നിർദേശിക്കുകയായിരുന്നു. ഇതിന്റെ കാരണം വ്യക്തമല്ല. യാത്ര മാറ്റിയതിനെ തുടർന്ന് നേരത്തെ ഇറക്കിയ ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കി.
1987 ബാച്ച് ഐപിഎസ് ഓഫിസറായ സുദേഷ് കുമാർ ഈ മാസം അവസാനമാണു വിരമിക്കുന്നത്. വിരമിക്കുന്ന മാസംതന്നെ ജയിലിലെ സൗകര്യങ്ങളെക്കുറിച്ചു പഠിക്കാൻ വിദേശത്തേക്ക് അയയ്ക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. തലസ്ഥാനത്തെ ജ്വല്ലറിയിൽനിന്ന് 95% ഡിസ്കൗണ്ടിൽ സ്വർണം വാങ്ങിയതായി സുദേഷ് കുമാറിനെതിരെ പരാതി ലഭിച്ചിരുന്നു. വിദേശയാത്രകൾ സംബന്ധിച്ചും പരാതി ലഭിച്ചു. ആഭ്യന്തര സെക്രട്ടറി ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.

