ദില്ലി : ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ മര്‍ക്കസ് സുബഹാനല്ലയില്‍ ഭീകരര്‍ക്ക് താമസിക്കാനായി ഒരുക്കിയിരിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യങ്ങളെന്ന് റിപ്പോർട്ട്. ബവാല്‍പൂരിൽ മൂന്ന് ഏക്കര്‍ ചുറ്റളവില്‍ പണികഴിപ്പിച്ചിരിക്കുന്ന കെട്ടിട സമുച്ചയത്തില്‍ ഒരേ സമയം 600 ഭീകര‍ര്‍ വരെയുണ്ടാകുമെന്നാണ് വിവരം.

ജെയ്ഷെ തലവനായ മസൂദ് അസറിന്റെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം കൊണ്ടാണ് മര്‍ക്കസ് സുബഹാനല്ലയുടെ പണി പൂര്‍ത്തിയാക്കിയത്. ഭീകരവാദികളായ 600ല്‍ അധികം പേരാണ് ഇവിടെ താമസിക്കുന്നത്. ജിംനേഷ്യവും, നീന്തല്‍ കുളവും ഉള്‍പ്പെടെ എല്ലാവിധ സുഖസൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭീകരവാദികളുടെ പ്രവേശന കവാടമായി പ്രവര്‍ത്തിക്കുന്ന മര്‍ക്കസ് സുബഹാനല്ലയില്‍ തന്നെയാണ് ജെയ്ഷെ തലവന്‍ മസൂദ് അസറും കുടുംബവും താമസിക്കുന്നത്. കൂടാതെ മസൂദ് അസറിന്റെ സഹോദരന്‍മാരും ജെയ്ഷെ ബന്ധമുള്ള ഇവരുടെ കുടുംബങ്ങളും ഇതേ കെട്ടിടത്തില്‍ തന്നെയാണ് താമസമാക്കിയിരിക്കുന്നത്.

യു.കെയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും വരുന്ന ഫണ്ടുകള്‍ ഉപയോഗിച്ച്‌ പാക് ഭരണകൂടത്തിന്റെ പിന്‍ബലത്തോടെയാണ് മസൂദ് അസ്ഹര്‍ ഈ കെട്ടിട സമുച്ചയം പണികഴിപ്പിച്ചിരിക്കുന്നത്. ജെയ്ഷെ ഭീകരരുടെ ഒട്ടുമിക്ക എല്ലാ ഒത്തുകൂടലുകളും,​ ആക്രമണത്തെ കുറിച്ചുള്ള വിവിധ തീരുമാനങ്ങളുമെടുക്കുന്നതും ഇവിടെ വച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ വെള്ളിയാഴ്ചകളിലും മസൂദ് അസറിന്റ സഹോരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഹറോ അല്ലെങ്കില്‍ മറ്റ് ഭീകര സംഘടനകളുടെ നേതാക്കന്‍മാരോ ചെറുപ്പക്കാരെ ജിഹാദികളാകാനുള്ള ക്ലാസുകള്‍ നടത്തുന്നതും ഇവിടെയാണ്.

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷറീഫിന്റെ കാലത്തായിരുന്നു മര്‍ക്കസ് ബവല്‍പൂ‌രില്‍ മര്‍ക്കസ് സുബഹാനല്ലയുടെ പണികള്‍ തുടങ്ങിയത്. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് കെട്ടിടം പണി പൂര്‍ത്തിയാക്കി ഭീകരവാദ കേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങിയത്. കാശ്മീര്‍‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എല്ലാ നിരോധിത സംഘടകളുടെയും കേന്ദ്രം കൂടിയാണ് മര്‍ക്കസ് സുബഹാനല്ല.