Monday, September 28, 2026

അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യ നില വഷളായി

മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യ നില വീണ്ടും വഷളായി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി എയിംസില്‍ ചികിത്സയില്‍ തുടരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയ്ക്കാണ് വീണ്ടും ഗുരുതരമായത്.ഓഗസ്റ്റ് 9നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ കാർഡിയോ–ന്യൂറോ വിഭാഗം വാർഡിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ– ഹൃദ്രോഗ വിദഗ്ധര്‍ എന്നിവരുടെ സംഘവും നിരീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ വെങ്കയ്യ നായിഡു ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) എത്തി അരുണ്‍ ജയ്റ്റ്‌ലിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായും നില മെച്ചപ്പെട്ടതായും ഡോക്ടര്‍മാര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ അറിയിച്ചിരുന്നു.

ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി അനാരോഗ്യത്തെ തുടർന്നു ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നില്ല. മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് പ്രധാനമന്ത്രിക്ക് കത്ത് അയ്ക്കുകയും ചെയ്തിരുന്നു. 
രണ്ടു വർഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് അരുണ്‍ ജയ്റ്റ്ലി. ധനമന്ത്രിയായിരിക്കെ രണ്ടു തവണ അദ്ദേഹം ചികിത്സക്കായി അമേരിക്കയിൽ പോയിരുന്നു. ധനമന്ത്രിയായിരുന്ന ജയ്റ്റ്ലിയുടെ അഭാവത്തിൽ പീയൂഷ് ഗോയലാണു ഒന്നാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിച്ചത്.

Related Articles

Latest Articles