Friday, April 26, 2024
spot_img

ജമ്മുകശ്മീരിൽ പാകിസ്ഥാൻ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സൈന്യം; മൂന്ന് ഭീകരരെ വധിച്ചു; തീവ്രവാദം തുടച്ചു നീക്കാൻ പൊലീസും സേനയും യോജിച്ചു നീങ്ങണമെന്ന് അമിത് ഷാ

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉറിയില്‍ ഇന്നലെയുണ്ടായ പാകിസ്ഥാൻ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സൈന്യം. മൂന്ന് ഭീകരർ ഉറിയിലെ കമാല്‍കോട്ടില്‍ നുഴ‍ഞ്ഞുകയറുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യം ഇലക്ട്രോണിക് നിരീക്ഷണം നടത്തിയപ്പോഴാണ് നുഴഞ്ഞ് കയറ്റം കണ്ടെത്തിയത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ഭീകരരെയും വധിച്ചു.

ഇന്നലെ കമാൽക്കോട്ട് സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തടഞ്ഞത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് കനത്ത ജാഗ്രതയും തിരച്ചിലും ഇപ്പോഴും തുടരുകയാണ്. നേരത്തെ ബന്ദിപ്പൊരയില്‍ രണ്ട് ഭീകരരെ സുരക്ഷസേന അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ വിലയിരുത്തി. ദില്ലിയിൽ സുരക്ഷാ വിലയിരുത്തൽ യോഗം ചേർന്നു. ലഫ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്തു. സുരക്ഷാ സേനയോട് നിയന്ത്രണ രേഖയിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശിച്ചു. തീവ്രവാദം തുടച്ചു നീക്കാൻ പൊലീസും സേനയും യോജിച്ചു നീങ്ങണം എന്നും അമിത് ഷാ അറിയിച്ചു.

Related Articles

Latest Articles