Wednesday, September 30, 2026

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; മറ്റുള്ളവരുമായി ബന്ധമുണ്ടെന്നാരോപിച്ച് 22 കാരിക്ക് ക്രൂര മർദ്ദനം; 24കാരൻ അറസ്റ്റിൽ

മലപ്പുറം: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും മർദ്ദിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ യുവാവിനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ പള്ളിക്കല്‍ അങ്കപ്പറമ്പ് സ്വദേശി കൃഷ്ണ ഹൗസില്‍ ശിവപ്രസാദിനെയാണ് (24)യാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട താനൂര്‍ സ്വദേശിനിയായ 22കാരി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും പിന്നീട് യുവാവിന്റെ പുത്തൂര്‍പള്ളിക്കലിലെ വീടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലെത്തിച്ച ശേഷം യുവതിക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്നാരോപിച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

യുവതി താനൂര്‍ പൊലീസില്‍ നല്‍കിയ പരാതി തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ 20നാണ് യുവതിയെ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. വിവാഹം വാഗ്ദാനം നല്‍കി മുമ്പ് പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതും മർദ്ദിച്ചതും പുറത്ത് പറഞ്ഞാല്‍ നഗ്‌നചിത്രങ്ങൾ‌ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയിലുള്ളതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. യുവതി മറ്റൊരാളുമായി സാമൂഹിക മാധ്യമത്തില്‍ ചാറ്റ് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് യുവാവ് മർദ്ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles