Saturday, April 27, 2024
spot_img

ജനനായകൻ അന്ത്യമ വിശ്രമം കൊള്ളുക പുതുപ്പള്ളിയിലെ പള്ളിയിലെ പ്രത്യേക കല്ലറയിൽ ; സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച

കോട്ടയം : സമകാലിക കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയനേതാവും അന്തരിച്ച മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ അന്ത്യവിശ്രമത്തിനായി ഒരുങ്ങുന്നത് പ്രത്യേക കല്ലറ. കരോട്ട് വള്ളകാലിലെ കുടുംബകല്ലറ ഒഴിവാക്കിയാണ് പള്ളി മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പുതുപ്പള്ളി പള്ളിയിൽ വൈദികരുടെ കബറിടത്തോട് ചേർന്ന് അദ്ദേഹത്തിനായി പ്രത്യേക കല്ലറ ഒരുക്കുന്നത്. വ്യാഴാഴ്ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ്മന്‍ ചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 4.25ഓടെയാണ് അന്തരിച്ചത്. ബെംഗളൂരുവിൽ നിന്ന് ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുവന്നു. സെക്രട്ടേറിയറ്റിലെ ദർബാർഹാളിലും കെപിസിസി അസ്ഥാനത്തും പൊതുദർശനത്തിനുവയ്ക്കും. നാളെ രാവിലെ 7 മണിയോടെ മൃതദേഹം കോട്ടയത്തേക്കു കൊണ്ടുപോകും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വച്ചശേഷം രാത്രിയോടെ പുതുപ്പള്ളിയിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍ വച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ പാതയ്ക്കു ചുറ്റും ജനങ്ങൾ തിക്കി തിരക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കോൺഗ്രസ് പ്രവർത്തകർ രാവിലെതന്നെ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയിരുന്നു.

Related Articles

Latest Articles