Sunday, April 28, 2024
spot_img

അമ്പിളിമാമനെ തൊട്ട് ജപ്പാനും !ജപ്പാന്റെ ചാന്ദ്ര ദൗത്യ പേടകമായ സ്ലിം ചന്ദ്രോപരിതലത്തിൽ ഇറങ്ങി

ടോക്കിയോ : ജപ്പാന്റെ ആദ്യ ചാന്ദ്രദൗത്യമായ സ്ലിം പേടകം (സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ) ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി. ചന്ദ്രനിലെ കടൽ എന്നു വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനു സമീപമാണ് പേടകം സോഫ്റ്റ്ലാൻഡ് ചെയ്തത്. അതേസമയം ലാൻഡ് ചെയ്ത ശേഷം പേടകത്തിൽ നിന്നുള്ള സിഗ്നലുകൾ ഭൂമിയിൽ ലഭിച്ചിട്ടില്ല. സിഗ്നലുകൾ ലഭിച്ച ശേഷം ദൗത്യം വിജയിച്ചത് ഔദ്യോഗികമായി പ്രഖ്യാപിക്കാനായി കാത്തിരിക്കുകയാണ് ജപ്പാൻ ശാസ്ത്രജ്ഞർ.

മോശം കാലാവസ്ഥമൂലം നേരത്തേ 3 തവണ മാറ്റിവച്ചശേഷം കഴിഞ്ഞ സെപ്റ്റംബർ ഏഴിന് തെക്കൻ ജപ്പാനിലെ തനേഗാഷിമ സ്പേസ് സെന്ററിൽനിന്നു തദ്ദേശീയമായ എച്ച്–ഐഐഎ റോക്കറ്റിലാണ് സ്ലിം വിക്ഷേപിച്ചത്. ജപ്പാൻ, അമേരിക്ക , യൂറോപ്യൻ യൂണിയൻ എന്നിവയുടെ സംയുക്ത പദ്ധതിയായ എക്സ്റേ ഇമേജിങ് ആൻഡ് സ്പെക്ട്രോസ്കോപി മിഷൻ ഉപഗ്രഹവും റോക്കറ്റിൽ ഉൾപ്പെടുത്തിയിരുന്നു. വിദൂരപ്രപഞ്ചത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ദൂരദർശിനി അടങ്ങിയ സംവിധാനമാണിത്. 832 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവായി കണക്കാക്കപ്പെടുന്നത്.

Related Articles

Latest Articles