Friday, May 17, 2024
spot_img

ജോസ്മോനും ജോസപ്പും വഴിപിരിയുമ്പോൾ…കേരളാ കോൺഗ്രസിനിത് മറ്റൊരു പിളർപ്പ് കാലം…

കേരള കോണ്‍ഗ്രസില്‍ ജോസ്, ജോസഫ് വിഭാഗങ്ങളുടെ വഴിപിരിയല്‍ പൂര്‍ണമായതോടെ സമ്മര്‍ദ്ദതന്ത്രവുമായി ജോസ് വിഭാഗം. തന്നോടൊപ്പമുള്ള നേതാക്കളെയും അണികളെയും ഒപ്പം നിര്‍ത്താന്‍ യുഡിഎഫില്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുകയാണ് ജോസ് കെ. മാണി. കഴിഞ്ഞ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ച സീറ്റുകള്‍ വിട്ടുനല്‍കില്ലെന്നും തങ്ങള്‍തന്നെ മത്സരിക്കുമെന്നും ജോസ് വ്യക്തമാക്കി.

ധാരണയനുസരിച്ചാണ് അന്ന് മത്സരിച്ചത്. ഭാഗ്യാന്വേഷികള്‍ പലയിടത്തേക്കും മാറുന്നുണ്ട്. ഞങ്ങളുടെ സീറ്റ് ആരും മോഹിേക്കണ്ടതില്ലെന്നും ജോസഫിനെ ഉദ്ദേശിച്ച് ജോസ് പറഞ്ഞു. അധിഷേപങ്ങള്‍ക്കും വ്യക്തിഹത്യയ്ക്കും മറുപടി പറയാനില്ല. അങ്ങനെയൊരു സംസ്‌കാരമല്ല കെ.എം. മാണി പകര്‍ന്നു തന്നിട്ടുള്ളത്. കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം സംസ്ഥാന കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ. മാണി.

ഇന്നലെ തൊടുപുഴയില്‍ ചേര്‍ന്ന ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി യോഗത്തിന് സമാന്തരമായാണ് ജോസ് വിഭാഗവും യോഗം ചേര്‍ന്നത്. സംസ്ഥാന കമ്മിറ്റിയില്‍ 450 അംഗങ്ങള്‍ പങ്കെടുത്തെന്നാണ് ജോസ് വിഭാഗം അവകാശപ്പെടുന്നത്. ഇതേ അവകാശവാദം ജോസഫ് പക്ഷവും ഉയര്‍ത്തി. എന്നാല്‍ കെ.എം. മാണിയുടെ മരണത്തിന് ശേഷം ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത യോഗത്തിലുണ്ടായിരുന്ന നേതാക്കളില്‍ പലരും ജോസഫ് വിളിച്ച യോഗത്തിലുണ്ടായിരുന്നത് ജോസ് വിഭാഗത്തിന് തിരിച്ചടിയായി. ജോസ് വിഭാഗത്തിലെ 27 നേതാക്കാളെ പി.ജെ. ജോസഫ് സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ നല്‍കിയ ഹര്‍ജി ചെലവ് സഹിതം കോട്ടയം മുന്‍സിഫ് കോടതി തള്ളിയതും ജോസ് വിഭാഗത്തിന് തിരിച്ചടിയായി. ഈ മാസം 17ന് കോട്ടയം അകലക്കുന്നം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും നേര്‍ക്കുനേര്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ ഇരുവിഭാഗത്തിനും ശക്തി തെളിയിക്കാനുള്ള വേദിയായിരുന്നു.

Related Articles

Latest Articles