Monday, April 29, 2024
spot_img

ആദ്യ എട്ട് പന്തിൽ നാല് റൺ മാത്രം; രാജസ്ഥാന്റെ ‘പാർട്ട് ടൈം ക്രിക്കറ്റർ’ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ താരങ്ങൾ

ജയ്പൂർ : ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനോട് പത്ത് റൺസിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. രാജസ്ഥാൻ ചേസിങ്ങിന്റെ നിർണ്ണായകമായ അവസാന നിമിഷത്തിൽ ബാറ്റ് ചെയ്യാനിറങ്ങിയ പരാഗ് ആദ്യം നേരിട്ട എട്ട് പന്തിൽ നാല് റൺസാണ് നേടിയത്. താരത്തിൽ മത്സരം ജയിക്കാനുള്ള ദൃ‍ഢനിശ്ചയമൊന്നും കണ്ടില്ലെന്നാണു ശാസ്ത്രിയുടെ പറഞ്ഞത്.

‘‘രാജസ്ഥാൻ റോയൽസിന് സാംസൺ, ബട്‍ലർ, യശസ്വി ജയ്‍സ്വാൾ എന്നിവരെ മത്സരത്തിൽ നഷ്ടപ്പെട്ടു. എങ്കിലും ശക്തരായ ബാറ്റർമാർ രാജസ്ഥാനിൽ ബാക്കിയുണ്ടായിരുന്നു. പരാഗ് ബാറ്റിങ്ങിനെത്തി നേരിട്ട ആദ്യ എട്ട് പന്തുകളാണു കളിയുടെ സ്വഭാവം തന്നെ മാറ്റിയതെന്നാണ് എനിക്കു തോന്നുന്നത്. അപ്പുറത്തുണ്ടായിരുന്ന ദേവ്ദത്ത് പടിക്കലിനും സ്കോറിങ്ങിലെ താളം നഷ്ടമായി. സിംഗിളുകളിലൂടെയാണ് റൺ വന്നത്. അവസാന 28 പന്തിൽ ഒരു ബൗണ്ടറി പോലുമില്ല എന്ന അവസ്ഥയുണ്ടായിരുന്നു. ഇതു പ്രശ്നങ്ങൾ വിളിച്ചുവരുത്തുന്നതു പോലെയാണ്.’’ – രവി ശാസ്ത്രി പ്രതികരിച്ചു.

രാജസ്ഥാൻ ബാറ്റിങ് നിരയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ പ്രതികരിച്ചു. ‘‘എത്ര സ്കോറാണു പിന്തുടരേണ്ടതെന്നു രാജസ്ഥാൻ താരങ്ങൾക്കു നന്നായി അറിയാം. ഭാഗ്യത്തിന് അവരാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ബാറ്റിങ്ങിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് രാജസ്ഥാൻ പഠിച്ചിട്ടുണ്ടാകും.’’– പീറ്റേഴ്സൻ പറഞ്ഞു.

ലക്നൗവിനെതിരായ മത്സരത്തിൽ 12 പന്തുകളിൽനിന്ന് 15 റൺസാണു റിയാൻ പരാഗ് നേടിയത്. ധ്രുവ് ജുറൽ, ജേസൺ ഹോൾഡർ തുടങ്ങിയ തകർപ്പൻ ബാറ്റർമാർ ഉള്ളപ്പോൾ ദേവ്ദത്ത് പടിക്കലിനെയും റിയാൻ പരാഗിനെയും നേരത്തേ ഇറക്കിയ റോയൽസിനെതിരെ ആരാധകരും വിമർശനം ഉന്നയിക്കുന്നുണ്ട്.

Related Articles

Latest Articles