Sunday, May 5, 2024
spot_img

കെ ഫോൺ: ഗുണഭോക്താക്കളുടെ പട്ടിക പോലും തയാറാക്കാതെ സർക്കാർ; അടിസ്ഥാന സൗകര്യങ്ങൾ വാടകയ്ക്കു നൽകി വരുമാനമുണ്ടാക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭാ അനുമതി വൈകുന്നു.

തിരുവനന്തപുരം: ജൂൺ 30ന് അകം പതിനാലായിരം ബിപിഎൽ കുടുംബങ്ങളിൽ കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്) വഴി സൗജന്യ ഇന്റർനെറ്റ് നൽകുമെന്നു പ്രഖ്യാപിച്ച കേരള സർക്കാർ ഇതുവരെ ഗുണഭോക്താക്കളുടെ പട്ടിക പോലും തയാറാക്കിയില്ല. ഒരു വർഷത്തേക്ക് ഇത്രയും കുടുംബങ്ങൾക്ക് ഇന്റർനെറ്റ് നൽകുന്നതിനു സേവനദാതാവിനു നൽകേണ്ട 2.08 കോടി രൂപ അനുവദിക്കണമെന്ന കെ ഫോണിന്റെ ആവശ്യത്തിലും തീരുമാനമായില്ല. കെ ഫോണിന്റെ അടിസ്ഥാന സൗകര്യങ്ങൾ വാടകയ്ക്കു നൽകി വരുമാനമുണ്ടാക്കാനുള്ള പദ്ധതിക്കു മന്ത്രിസഭാ അനുമതിയും വൈകുന്നു.

30000 സർക്കാർ ഓഫിസുകളിലും, നിയോജകമണ്ഡലത്തിൽ 100 വീതം സംസ്ഥാനത്താകെ 14000 ബിപിഎൽ കുടുംബങ്ങളിലും ഇന്റർനെറ്റ് എത്തിച്ച് കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ടം പിന്നിട്ടുവെന്ന സർക്കാരിന്റെ അവകാശവാദമാണു പൊളിയുന്നത്. ബിപിഎൽ കുടുംബങ്ങളിൽ ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുന്നതിനു സേവനദാതാവിനെ തിരഞ്ഞെടുത്തിട്ട് അഞ്ചു മാസമായി. മാസം 124 രൂപയ്ക്ക് ഒരു വീട്ടിൽ ഒരു വർഷത്തേക്കു കണക്‌ഷൻ കൊടുക്കാൻ വർഷം 2.08 കോടി രൂപയാണു സേവനദാതാവിനു സർക്കാർ നൽകേണ്ടത്.

എന്നാൽ ഏതെല്ലാം വീടുകളിൽ കണക്‌ഷൻ നൽകണമെന്ന പട്ടിക ഇതുവരെ കെ ഫോണിനു ലഭ്യമായിട്ടില്ല. തദ്ദേശഭരണ വകുപ്പാണു പട്ടിക കൈമാറേണ്ടത്. ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ഇഴയുന്നതാണു കാരണം. ഇതിനിടെ പട്ടിക,ജാതി പട്ടികവർഗ കുടുംബങ്ങൾക്കു മുൻഗണന നൽകണമെന്ന നിർദേശം സർക്കാർ പുറത്തിറക്കിയിരുന്നു. ഈ പട്ടികയും തയാറായിട്ടില്ല. 20 ലക്ഷം കുടുംബങ്ങൾക്കു കണക്‌ഷൻ നൽകുമെന്നു പദ്ധതിയുടെ തുടക്കത്തിൽ പ്രഖ്യാപിച്ച സർക്കാരിന്, എണ്ണം 14000 ആയി കുറച്ചിട്ടും വാക്കു പാലിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം.

ഇന്റർനെറ്റ് വിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണിക്കായി വർഷം 4 കോടി രൂപയാണു കെ ഫോണിനു വേണ്ടത്. ഇതിനുള്ള തുക കണ്ടെത്തണമെങ്കിൽ വിതരണ സൗകര്യങ്ങൾ വാടകയ്ക്കു നൽകിയും സ്വകാര്യ മേഖലയ്ക്ക് ഇന്റർനെറ്റ് എത്തിച്ചും വരുമാനമുണ്ടാക്കണം. ഇതു രണ്ടിനുമുള്ള ലൈസൻസുകൾ കേന്ദ്ര ടെലികോം മന്ത്രാലയത്തിൽനിന്നു ലഭിച്ചിട്ടുണ്ട്. എന്നാൽ മന്ത്രിസഭാ അംഗീകാരം ലഭിക്കാത്തതിനാൽ വരുമാന സ്രോതസ്സുകൾ ഉപയോഗപ്പെടുത്താനാകുന്നില്ല.

ആകെ 30157 കിലോമീറ്ററാണു കേബിൾ സ്ഥാപിക്കേണ്ടതെങ്കിലും വിവിധ ജില്ലകളിൽ റോഡ് വികസനം നടക്കുന്നതിനാൽ തത്കാലം അയ്യായിരത്തിലേറെ കിലോ മീറ്റർ ദൂരത്തിലെ ഏഴായിരത്തോളം സർക്കാർ ഓഫിസുകളെ ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ സജ്ജമാണ്. വാണിജ്യാടിസ്ഥാനത്തിൽ ബാൻഡ് വിഡ്ത് നൽകുന്നതിനു ബിസ്എൻഎലിനെയും ഏൽപിച്ചു. അതിനപ്പുറം പദ്ധതി മുന്നേറണമെങ്കിൽ സർക്കാർ വിചാരിക്കണം.

Related Articles

Latest Articles