Wednesday, October 28, 2026

കെ.നട്‌വർ സിങ് അന്തരിച്ചു; വിടവാങ്ങിയത് മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും

ദില്ലി: മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ് അന്തരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്. 93 വയസ്സായിരുന്നു. ദില്ലിക്കടുത്ത് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.

മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 2004-05 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. എഴുത്തുകാരനും ചരിത്രകാരനുമായ നട്‌വർ സിങ്, നേരത്തെ ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്നു.
1931ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്‌വ‌ർ സിം​ഗ് ജനിച്ചത്. വിദേശകാര്യ സർവിസിൽ നയതന്ത്രജ്ഞനായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. 1953ൽ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായിരുന്ന അദ്ദേഹം 1984ൽ രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് മത്സരിച്ച് ലോക്‌സഭാ എംപിയായതോടെ നേരത്തെ വിരമിച്ചു.

1985-86 കാലഘട്ടത്തിൽ രാജീവ് ഗാന്ധി സർക്കാറിൽ ഇരുമ്പുരുക്ക്, ഖനി, കാർഷിക വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിരുന്നു. പിന്നീട് 1986 മുതൽ 89 വരെ വിദേശകാര്യ സഹമന്ത്രിയായും പ്രവർത്തിച്ചു. യു.കെയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മിഷണറായും സാംബിയയിലെ ഇന്ത്യൻ ഹൈകമ്മിഷണറായും പ്രവർത്തിച്ചു. ഇന്ത്യ-പാക് ബന്ധം നിർണായകമായ 1980-82 കാലത്ത് പാകിസ്ഥാനിലെ ഇന്ത്യൻ അംബാസഡറായിരുന്നു.

2005 ല്‍ വിദേശകാര്യ മന്ത്രിയായിരിക്കെ ഇറാഖില്‍ നിന്നും എണ്ണയ്ക്ക് പകരം ഭക്ഷണം പദ്ധതി കുംഭകോണത്തില്‍ ആരോപണ വിധേയനായ നട്​വര്‍ സിങ് രാജിവച്ചു. പിന്നാലെ 2008ഓടെ കോണ്‍ഗ്രസ് വിട്ടു. പിന്നീട് ബിഎസ്‌പിയില്‍ ചേര്‍ന്നെങ്കിലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നട്‌വർ സിങ്ങിനെ ബിഎസ്‌പിയും പുറത്താക്കി.

1984ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ലെഗസി ഓഫ് നെഹ്‌റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്, മൈ ചൈന ഡയറി 1956-88, വൺ ലൈഫ് ഈസ് നോട്ട് ഇനഫ് (ആത്മകഥ) തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫിലൂടെ വിവാദ വെളിപ്പെടുത്തലുകളും നട്​വര്‍ സിങ് നടത്തിയിരുന്നു.

Related Articles

Latest Articles