Friday, May 17, 2024
spot_img

അഞ്ച്‌ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് സാമൂഹികാഘാത പഠനം നൂറു ദിവസത്തിനുള്ളിൽ പൂർത്തിയാകും

തൃക്കാക്കരയിലെ തെരെഞ്ഞെടുപ്പ് ഫലത്തിൽ നിന്നും പാഠം പേടിക്കാതെ എൽ ഡി എഫ് സർക്കാർ. ഏതാണ്ട് ഒരു മാസമായി നിർത്തിവച്ചിരുന്ന കെ റെയിൽ സർവേയും സാമൂഹികാഘാത പഠനവും അടുത്തയാഴ്ച പുനരാരംഭിക്കും. കല്ലിട്ടുകൊണ്ടുള്ള സർവ്വേ നിർത്തിയെങ്കിലും ഉപഗ്രഹ സഹായത്തോടെയുള്ള മാർക്കിങ് ആണ് പുനരാരംഭിക്കുക. ജിയോ ടാഗിംഗ് നേരത്തെ പൂർത്തിയാക്കിയിട്ടുള്ളതിനാൽ അടുത്ത നൂറു ദിവസത്തിനുള്ളിൽ മാർക്കിങ്ങും സാമൂഹികാഘാത പഠനവും പൂർത്തീകരിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി അഞ്ചു ഉപഗ്രഹങ്ങളുടെ സഹായം തേടിയതായി കെ റെയിൽ അധികൃതർ വ്യക്തമാക്കി. അതെ സമയം ഒരു തരത്തിലുള്ള സർവ്വേയും അനുവദിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചുകഴിഞ്ഞു. അതിനാൽ സർവ്വേ പൂർത്തിയാക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കാൻ സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇത് വരും ദിവസങ്ങളിൽ കേരളം സംഘർഷ ഭരിതമാകുമെന്നതിന്റെ സൂചനയാണ്.

അതേസമയം സിൽവർലൈൻ പോലെ വൻകിട പദ്ധതികളുടെ പിന്നാലെ പോയി ജനങ്ങളുടെ എതിർപ്പു ക്ഷണിച്ചു വരുത്തുന്നതിൽ സിപിഎമ്മിലെ ഒരു വിഭാഗത്തിനും സിപിഐക്കും അതൃപ്തിയുണ്ട്. സിൽവർലൈനിനു കേന്ദ്ര അംഗീകാരം ലഭിച്ചശേഷം തുടർനടപടിയുമായി മുന്നോട്ടു പോകാനാണു സാധ്യത. തൃക്കാക്കര ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏതാനും ജനക്ഷേമ പദ്ധതികൾ നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്. എന്നാൽ, വൻ പദ്ധതികൾ നടപ്പാക്കാൻ സാധിക്കാത്ത വിധം സാമ്പത്തികനില മോശമാണ്. കഴിഞ്ഞ ദിവസം ജിഎസ്ടി നഷ്ടപരിഹാരം ഇനത്തിൽ 5,000 കോടി രൂപയോളം ലഭിച്ചതിൽ ഒരു ഭാഗം ഉപയോഗിച്ചു പദ്ധതി നടപ്പാക്കുന്നതും ആലോചനയിലാണ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ലഭിച്ച കനത്ത തിരിച്ചടിക്കു പിന്നാലെ ഭരണതലത്തിലും ചില മാറ്റങ്ങൾ ഉണ്ടായേക്കും എന്ന് സൂചനയുണ്ട്. ഫലപ്രഖ്യാപനം വന്ന വെള്ളിയാഴ്ച വൈകിട്ടു കണ്ണൂരിലെ വീട്ടിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തും. തുടർന്നു വിശദ ചർച്ച ഉണ്ടാകുമെന്നാണു സൂചന.

Related Articles

Latest Articles