Friday, January 9, 2026

“ജോജു ക്രിമിനൽ, സമരക്കാർക്ക് നേരെ ചീറിപാഞ്ഞതുകൊണ്ടാണ് വാഹനം തകർത്തത് ”; പ്രവർത്തകർ നടത്തിയ അക്രമത്തെ ന്യായീകരിച്ച്‌ കെ.സുധാകരൻ

തിരുവനന്തപുരം: ഇന്ധന വിലവർധനയ്ക്കെതിരായ കോൺഗ്രസിന്റെ പ്രഹസന (Congress Strike) സമര‍ത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. ജോജു ജോർജ് ക്രിമിനലാണെന്നും ഗുണ്ടയെപോലെയാണ് പെരുമാറിയതെന്നും സുധാകരൻ പറഞ്ഞു. ജോജുവിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജോജു ജോർജ് (Jojo George) കാണിച്ചുകൂട്ടിയ അക്രമങ്ങൾ ഖേദകരമാണെന്നും, മഹിളാ കോൺഗ്രസ് പ്രവർത്തകരോട് തട്ടിക്കയറിയെന്നും, നടനെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും കെ സുധാകരൻ ആരോപിച്ചു. മുണ്ടും മടക്കികുത്തി സമരക്കാർക്ക് നേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോർജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജുവിനെതിരെ നടപടി സ്വീകരിക്കണം.

ആ നടപടി ജനങ്ങളേയും സമൂഹത്തേയും ബോദ്ധ്യപ്പെടുത്താൻ സാധിക്കുന്നതാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. വാഹനം തകർക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണെന്നും സുധാകരൻ ന്യായീകരിച്ചു. സമരക്കാർക്ക് നേരെ ചീറിപാഞ്ഞതുകൊണ്ടാണ് വാഹനം തകർത്തത്. അവിടെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റേയും ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ. സ്വാഭാവികമായ കാര്യമാണ് ഇത്. അതിൽ അത്ഭുതപ്പെടാനില്ലെന്നും സുധാകരൻ പറഞ്ഞു.

അതേസമയം കൊച്ചി (Kochi) ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടതോടെ കാറിൽ യാത്ര ചെയ്യുകയായിരുന്ന നടൻ ജോജു ജോർജ് പുറത്തേക്കിറങ്ങുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തിയതിൽ കോൺഗ്രസ് പ്രവർത്തകരുമായി ജോജു വാക്കേറ്റമുണ്ടായി. കോൺഗ്രസിനെ നാണം കെടുത്താനുള്ള സമരമുറയാണിതെന്ന് ജോജു ജോർജു കുറ്റപ്പെടുത്തി.

ഷോ കാണിക്കാൻ വേണ്ടി ഇറങ്ങിയതല്ലെന്നും സാധാരണക്കാരായ നിരവധിയാളുകൾ റോഡിൽ കുടുങ്ങിക്കിടക്കുകയാണെന്നും ജോജു ജോർജ് പറഞ്ഞു. വഴിതടഞ്ഞുള്ള സമരത്തിനെതിരെ ജോജുവിനൊപ്പം നാട്ടുകാരും ചേർന്നു. ഉപരോധസമരം അവസാനിച്ച് വാഹനങ്ങൾ നീങ്ങിത്തുടങ്ങിയതോടെ ജോജുവിന്റെ വാഹനത്തിന്റെ പുറകിലെ ഗ്ലാസ് പ്രതിഷേധത്തിൽ പങ്കെടുത്തയാൾ അടിച്ചുതകർത്തു. ജോജു ജോർജ് മാപ്പ് പറയാതെ വിടില്ലെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാൽ, കൂടുതൽ പൊലീസ് ഇടപെട്ട് ജോജുവിനെ സുരക്ഷിതമായി മരട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Latest Articles