കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങാൻ ഉറച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനമാകും മുൻപേ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നീക്കങ്ങൾ സുധാകരൻ ആരംഭിച്ചതായാണ് സൂചന. ഇതിന്റെ ഭാഗമായി ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് അദ്ദേഹം ബാധ്യതാ രഹിത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കഴിഞ്ഞു.
കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ഗൗരവകരമായ ആലോചനയിലാണ്. സംസ്ഥാനത്തെ പല തർക്ക സീറ്റുകളിലും ഇന്നും അന്തിമ ധാരണയിലെത്താൻ സ്ക്രീനിംഗ് കമ്മിറ്റിക്ക് സാധിച്ചിട്ടില്ല. സുധാകരന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കെ, ചില സീറ്റുകൾ ഒഴിച്ചിട്ടുകൊണ്ട് ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കാനാണ് നിലവിലെ നീക്കം.
തങ്ങളുടെ പ്രിയ നേതാവിനെ അവഗണിക്കുന്നതിനെതിരെ കണ്ണൂരിൽ സുധാകരൻ അനുകൂലികൾ തെരുവിലിറങ്ങി. കഴിഞ്ഞ രാത്രി കണ്ണൂർ ഡിസിസി ഓഫീസിന് പരിസരത്ത് പന്തംകൊളുത്തി പ്രകടനം നടന്നു. “കണ്ണേ കരളേ കെഎസേ…” തുടങ്ങിയ വികാരനിർഭരമായ മുദ്രാവാക്യങ്ങൾ വിളിച്ചാണ് അണികൾ സുധാകരന് പിന്തുണ പ്രഖ്യാപിച്ചത്. സുധാകരന് സീറ്റ് നിഷേധിച്ചാൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പും പ്രവർത്തകർ നൽകുന്നു.
നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിലും സുധാകരൻ അനുകൂലികൾ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായി സുധാകരനെ അനുകൂലിച്ചുകൊണ്ടുള്ള വലിയ ഫ്ലക്സുകളാണ് പ്രത്യക്ഷപ്പെട്ടത്. കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള എട്ടോളം സ്ഥലങ്ങളിൽ ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സണ്ണി ജോസഫിനെതിരെ പരസ്യമായ വെല്ലുവിളിയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.

