മലപ്പുറം: മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ അബ്ദുറഹ്മാൻ രണ്ടത്താണിയെ ഇടത് പാളയത്തിലെത്തിക്കാൻ സി.പി.എം നീക്കം സജീവമാക്കുന്നു. തിരൂരങ്ങാടിയിൽ പി.എം.എ സമീറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് രണ്ടത്താണി പാർട്ടി വിടാനൊരുങ്ങുന്നത്. രണ്ടത്താണിയെ തിരൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനാണ് സി.പി.എം പ്രാഥമികമായി ആലോചിക്കുന്നത്.
തിരൂരങ്ങാടിയിൽ പി.എം.എ സമീറിനെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടി കമ്മിറ്റികൾ അറിയാതെ എടുത്ത തീരുമാനമാണെന്ന് രണ്ടത്താണി ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “സമീപകാലത്ത് മാത്രം പ്രത്യക്ഷപ്പെട്ട ഒരാളെ, അർഹതയുള്ളവരെ തഴഞ്ഞ് നിഷ്കളങ്കരായ തങ്ങൾമാരെ കരുവാക്കി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്” എന്ന് രണ്ടത്താണി കുറിച്ചു. പാർട്ടിക്കു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരുടെ വികാരം മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടത്താണി ലീഗുമായി ഇടഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തെ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് സി.പി.എം പദ്ധതി. നിലവിൽ മന്ത്രി വി. അബ്ദുറഹിമാൻ മത്സരരംഗത്തുനിന്ന് മാറാൻ തീരുമാനിച്ചാൽ താനൂർ മണ്ഡലത്തിലും രണ്ടത്താണിയെ പരിഗണിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ സി.പി.എം മലപ്പുറം ജില്ലാ നേതൃത്വം അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
രണ്ടത്താണിയെപ്പോലൊരു മുതിർന്ന നേതാവ് പരസ്യമായി രംഗത്തുവന്നത് ലീഗ് നേതൃത്വത്തിന് വലിയ തലവേദനയായിട്ടുണ്ട്. പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനമുള്ള രണ്ടത്താണി ഇടത് പാളയത്തിലേക്ക് മാറിയാൽ അത് മലപ്പുറത്തെ ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

