Saturday, May 18, 2024
spot_img

“അഴിമതിക്കാരെ സംരക്ഷിക്കാൻ പിണറായി സർക്കാർ ഏതറ്റം വരെയും പോകുമെന്ന് ഒടുവിൽ തെളിയിച്ചു”; ലോകായുക്തയുടെ അധികാരം കവരാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെതിരെ കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താനെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതിക്കാരെ സംരക്ഷിക്കാൻ പിണറായി സർക്കാർ ഏതറ്റം വരെയും പോകുമെന്ന് ഇതിലൂടെ തെളിയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ലോകായുക്തയെ നിഷ്ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

അഴിമതി നിരോധന നിയമത്തിൻ്റെ എല്ലാ പ്രസക്തിയും നഷ്ടമായി. ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുതെന്നും സതീശൻ അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്തയച്ചിട്ടുണ്ട്. ലോകായുക്തയുടെ പ്രസക്തി സർക്കാർ കൗശലപൂർവം ഇല്ലാതാക്കി. ഫെബ്രുവരിയിൽ നിയമസഭ ചേരാനിരിക്കെ തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവരുന്നത് ദുരൂഹം. അഴിമതി ആരോപണങ്ങളിലെ കണ്ടെത്തൽ മറച്ചുവെക്കാനാണ് സർക്കാർ ശ്രമം. കേസുകളിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കുകയാണ് എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ലോകായുക്തയുടെ അധികാരത്തിൽ കൈകടത്താൻ നിയമഭേദഗതിക്കൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ലോകായുക്തയുടെ വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാൻ അധികാരം നൽകുന്നത് അടക്കമുള്ള നിയമ ഭേദഗതികളാണ് സർക്കാർ കൊണ്ടുവരുന്നത്. മുഖ്യമന്ത്രിക്കും മന്ത്രി ആര്‍.ബിന്ദുവിനും എതിരായ പരാതികള്‍ ലോകായുക്തയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.നിലവിൽ അധികാരത്തിലിരിക്കുന്നവർക്കെതിരായ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ തൽ സ്ഥാനത്തിരിക്കാൻ അർഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ കഴിയും. മന്ത്രി പദത്തിലും മറ്റുമായി അധികാരത്തിലിരിക്കുന്നവർക്കെതിരെ ലോകായുക്ത ഇനി വിധി പുറപ്പെടുവിച്ചാൽ മുഖ്യമന്ത്രിയോ ഗവർണറോ ഹിയറിംഗ് നടത്തിക്കൊണ്ട് വിധിയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. ഇത്തരത്തിലുള്ള നിയമ നിർമാണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്.

Related Articles

Latest Articles