Saturday, May 4, 2024
spot_img

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനം ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം ചേരുക.

ഒന്ന് മുതൽ ഒൻപത് വരെയുള്ള കുട്ടികളുടെ ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകർ സ്കൂളിൽ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങൾ,10,11,12 ക്ലാസുകളുടെ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. ഡി ഡി, ആർ ഡി ഡി, എ ഡി തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഓൺലൈൻ ആയിട്ടാണ് യോഗം നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിന്‍റെ തീരുമാനം അനുസരിച്ച്, സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെയാണ് നടക്കുക. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകിയിട്ടുണ്ട്.

സ്‌കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചിരിക്കുന്നത്.

Related Articles

Latest Articles