Friday, May 17, 2024
spot_img

വ്യാജരേഖ കേസ്; കെ വിദ്യ 14 ദിവസം റിമാന്‍ഡിൽ; 48 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ

പാലക്കാട് : എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽപ്പെട്ട മുൻ എസ്എഫ്ഐ നേതാവും കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയെ 14 ദിവസത്തേക്ക് അതായത്ജൂലൈ ആറു വരെ റിമാന്‍ഡ് ചെയ്തു. 48 മണിക്കൂർ സമയത്തേക്ക് വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. വിദ്യയുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാള്‍ പരിഗണിക്കും. മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ഇന്നലെ 7.40ന് വടകരയിൽ വച്ച് വിദ്യയെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വൈദ്യപരിശോധനക്കു ശേഷമാണ് വിദ്യയെ മണ്ണാർക്കാട് കോടതിയിൽ എത്തിച്ചത്. കേസില്‍ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്ന് അഗളി പോലീസ് സ്‌റ്റേഷനില്‍നിന്ന് മണ്ണാര്‍ക്കാട് കോടതിയിലേക്ക് കൊണ്ടുപോകാനിറങ്ങുമ്പോൾ വിദ്യ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

‘നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു. നിയമപരമായി തന്നെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. കെട്ടിച്ചമച്ചതാണെന്ന് എനിക്കും അറിയാം നിങ്ങള്‍ക്കും അറിയാം. ഏതറ്റം വരേയും മുന്നോട്ടുപോകും’ – വിദ്യ പറഞ്ഞു.

അതെസമയം താന്‍ വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നും എന്നാൽ ബയോഡാറ്റ തയ്യാറാക്കിയത് താന്‍ തന്നെയാണെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ കെ വിദ്യ സമ്മതിച്ചിരുന്നു.വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നാണ് വിദ്യ വാദിക്കുന്നതെങ്കിലും ഇവർ തയ്യാറാക്കിയ ബയോഡാറ്റയില്‍ മഹാരാജാസ് കോളേജിലെ പ്രവൃത്തിപരിചയം അവകാശപ്പെടുന്നുണ്ട്. ഇതിനെക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കാൻ വിദ്യ തയ്യാറായില്ല. കോടതിയിലേക്കാണ് പോകുന്നതെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ചോദ്യത്തിനുള്ള മറുപടി.

Related Articles

Latest Articles