Friday, April 26, 2024
spot_img

കാവൽ സുരേഷ്ഗോപി എന്ന നടന്റെ ഉജ്വല തിരിച്ചുവരവ്: 90 കളിലെ ആ സുരേഷേട്ടനെ തിരിച്ചു കിട്ടിയെന്ന് സിനിമാ പ്രേമികൾ; തിയേറ്റർ പൂരപ്പറമ്പ്

സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത് ഇന്ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ കാവലിന് വലിയ കയ്യടിയാണ് നേടുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ കൂടെയാണ് ‘കാവല്‍’.

രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷൻ ക്രൈം ത്രില്ലറാണ് ‘കാവൽ’. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രൺജി പണിക്കരും ചിത്രത്തിൽ പ്രധാന കഥാപാത്രമാണ്. രഞ്ജി പണിക്കർ – സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും ചരിത്രം ആവർത്തിച്ചു എന്നാണ് പുറത്തുവരുന്ന പ്രേക്ഷക പ്രതികരണങ്ങൾ.

”റമ്മി കളി എനിക്കിഷ്ടമാ, അത് നിന്നെ സെമിത്തേരിയിലൊടുക്കി അതിന്റെ സ്ലാബിന് മുകളിലിരുന്ന് കളിക്കാൻ’, ‘ചാരമാണെന്നു കരുതി ചികയാൻ നിൽക്കണ്ട, കനൽ കെട്ടില്ലെങ്കിൽ പൊള്ളും… ഞാൻ വന്നത് കാവലിനാണ് ആരാച്ചാർ ആക്കരുത് എന്നെ…”. പ്രത്യേകിച്ചും ഇന്റർവല്‍ പഞ്ചിലെ മാസ് രംഗത്തിലേത് ഉൾപ്പടെയുള്ള ഡയലോഗുകൾ ഇതിനൊരുദാഹരണമാണ്. മലയാള സിനിമയുടെ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും ആക്ഷൻ രംഗങ്ങൾകൊണ്ടും സമ്പന്നമായ ‘കാവൽ’ തിയേറ്റർ പൂരപ്പറമ്പാക്കുകയാണ്. സുരേഷ് ഗോപിയും രൺജി പണിക്കരും ഒന്നിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇതോടെ 90 കളിലെ സുരേഷ് ഗോപി സിനിമകളെ ഓർമ്മിപ്പിക്കും വിധത്തിലാണ് കാവലെന്നാണ് സിനിമ പ്രേമികളുടെ അടക്കം അഭിപ്രായം. പ്രതികാരകഥയിലുപരി ‘കാവൽ’ ഇമോഷനൽ ഡ്രാമയാണ്. പതിഞ്ഞ താളത്തിൽ തുടങ്ങി കൃത്യമായ ഇടവേളകളിൽ പ്രേക്ഷകരെ ആവേശക്കൊടുമുടിയിലെത്തിക്കാൻ സംവിധായകന് കഴിഞ്ഞു. പരിചയ സമ്പന്നർക്കൊപ്പം യുവതാരങ്ങളുടെ പ്രകടനവും മികച്ചതെന്നാണ് ആരാധകർ പറയുന്നത്.

സുരേഷ് ഗോപി ആരാധകരെ പോലെ തന്നെ കുടുംബ പ്രേക്ഷകർക്കും ഒരുപോലെ കാണാൻ സാധിക്കുന്ന സിനിമയാണ് കാവലെന്നാണ് പ്രേക്ഷകർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. കാവൽ കേരളത്തിൽ 220 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. കേരളത്തിലെ 14 ജില്ലകളിലും ചിത്രത്തിന് ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു. ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. വിദേശത്തും സിനിമ റിലീസ് ചെയ്യുന്നുണ്ട്.

നിഥിൻ രൺജി പണിക്കരുടേതു തന്നെയാണ് തിരക്കഥ. രണ്ട് കാലഘട്ടങ്ങളിലെ കാഴ്ചകള്‍ കൃത്യമായി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാൻ നിഥിനു കഴിഞ്ഞു. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി. കെ. ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി.

Related Articles

Latest Articles