Sunday, May 19, 2024
spot_img

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടു; പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾഅന്വേഷിക്കണമെന്ന് പോലീസ്

കൊച്ചി: കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പോലീസ് കോടതിയില്‍ വിശദമാക്കി. അതേസമയം, അഭിഭാഷകൻ വേണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതി ഡൊമിനിക് മാർട്ടിൻ. പോലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോ​ഗ്യവാനാണെന്നും ഇയാൾ പറഞ്ഞു.

പ്രതി പതിനഞ്ച് വർഷത്തിലേറെ കാലം ദുബായിൽ ജോലി ചെയ്തിരുന്ന ആളായതിനാൽ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കേണ്ടതാവശ്യമാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യണം. ഇക്കാര്യങ്ങൾക്ക് വേണ്ടിയാണ് പോലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. സ്ഫോടന വസ്തുക്കൾ മാർട്ടിൻ‌ പല സ്ഥലങ്ങളിൽ നിന്നാണ് വാങ്ങിയത്. ഇവ എവിടെ നിന്നൊക്കെയാണ് വാങ്ങിച്ചത്, അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നുള്ള കാര്യങ്ങൾ കൂടി പോലീസിന് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യവും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

അടുത്ത പതിനഞ്ചാം തീയതി വരെയാണ് കോടതി മാർട്ടിനെ കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്. പോലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പോലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാർട്ടിൻ കോടതിയിൽ വ്യക്തമാക്കി. വൈദ്യപരിശോധന നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് ഇയാളെ കോടതിയിലെത്തിച്ചത്. നിലവിൽ മാർട്ടിന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

Related Articles

Latest Articles