തിരുവനന്തപുരം :കല്ലമ്പലത്ത് മകളുടെ വിവാഹത്തലേന്ന് മകളുടെ മുൻ സുഹൃത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം പിതാവിനെ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് തെളിവെടുപ്പ് പ്രഹസനമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പ്രതികളെ വീടിനു സമീപമെത്തിച്ചെങ്കിലും വാഹനത്തിൽനിന്ന് ഇറക്കി തെളിവെടുപ്പ് നടത്തിയില്ലെന്നും ഇവരോടു വാഹനത്തിൽ വച്ച് ചോദ്യങ്ങൾ ചോദിച്ചതിനുശേഷം നിമഷങ്ങൾക്കകം മടക്കി കൊണ്ടുപോയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ട്. അത് അന്വേഷിക്കാൻ പോലീസ് തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. തെളിവെടുപ്പ് പൂർത്തിയായെന്നാണ് കല്ലമ്പലം പോലീസ് അറിയിച്ചത്.
27 അര്‍ധരാത്രിയാണ് കല്ലമ്പലത്തെ വിവാഹവീട്ടില്‍ നാടിനെ ഞെട്ടിച്ച അരുംകൊലയിൽ വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. മകളെയും ബന്ധുക്കളെയും ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ രാജനെ അക്രമികൾ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജന്‍ തല്‍ക്ഷണം മരിച്ചു.
രാജന്റെ മകളുടെ മുന്‍സുഹൃത്തായ ചിക്കു എന്ന ജിഷ്ണുവിന്റെ നേതൃത്വത്തിലെത്തിയ നാലംഗസംഘമാണ് കൊലപാതകം നടത്തിയത്. ജിഷ്ണു നേരത്തെ രാജന്റെ മകളെ തനിക്ക് വിവാഹം കഴിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകൾക്കും രാജനും കുടുംബവും ഇതിന് താത്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റൊരാളുമായി മകളുടെ വിവാഹം ഉറപ്പിച്ചു. ഇതില്‍ പ്രകോപിതനായാണ് ജിഷ്ണുവും സംഘവും വിവാഹദിവസം വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്.
രാത്രി വീട്ടിലെത്തിയ ജിഷ്ണു വധുവിനെ അടിച്ചുവീഴ്ത്തി മുഖം നിലത്തിട്ട് ഉരച്ചെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അക്രമം തടയാനെത്തിയ രാജന്റെ ഭാര്യയെയും ബന്ധുക്കളെയും ജിഷ്ണുവിന്റെ സുഹൃത്തുക്കളും മര്‍ദിച്ചു. വീട്ടുപരിസരത്ത് മാലിന്യം നിക്ഷേപിക്കാന്‍ പോയി മടങ്ങിയെത്തിയ രാജന്‍ മകളെയും ബന്ധുക്കളെയും നാലുപേര്‍ മര്‍ദിക്കുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് രാജനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി നടന്ന വിവാഹ സത്കാര ചടങ്ങുകൾക്ക് ശേഷം ബന്ധുക്കളും നാട്ടുകാരും മടങ്ങിയതിന് പിന്നാലെയായിരുന്നു നാലംഗസംഘം വിവാഹവീട്ടിലേക്ക് ഇരച്ചെത്തി അക്രമം നടത്തിയത്.
സംഭവത്തിൽ നാലുപ്രതികളെയും പോലീസ് സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി. മുഖ്യപ്രതി ജിഷ്ണു, സുഹൃത്തുക്കളായ ജിജിന്‍, മനു, ശ്യാം എന്നിവരെയാണ് പോലീസ് പിടികൂടിയത്.

