Thursday, May 16, 2024
spot_img

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍; ‘മാവോയിസ്റ്റുകള്‍ വെച്ച വെടി മരത്തിലാണോ കൊണ്ടത്?’

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയില്‍ നാല് മാവോവാദികളെ വധിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി പി ഐ നേതാവ് കാനം രാജേന്ദ്രന്‍. അവിടെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും ടെന്‍റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാവോവാദികള്‍ക്കുനേരെ പോലീസ് ക്ലോസ് റേഞ്ചേില്‍ വെടിയുതിര്‍ക്കുകയാണ് ചെയ്തതെന്നാണ് തങ്ങള്‍ക്ക് കിട്ടിയ വിവരം. മാവോയിസ്റ്റുകള്‍ വെച്ച വെടിയെല്ലാം മരത്തിലാണോ കൊണ്ടത് എന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.

വിഷയത്തില്‍ സര്‍ക്കാര്‍ മജിസ്ടീരിയല്‍ അന്വേഷണം നടത്തണമെന്നും കാനം ആവശ്യപ്പെട്ടു. നടന്നത് വ്യാജ ഏറ്റുമുട്ടലാണ് എന്നാണ് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പടെയുള്ള സി പി ഐ പ്രവര്‍ത്തകര്‍ നല്‍കിയ വിവരം. കൊല്ലപ്പെട്ട മണിവാസകന്‍ രോഗം ബാധിച്ച് അവശനായ അവസ്ഥയിലായിരുന്നു എന്നാണ് അറിവ്. എന്നാല്‍ ഇയാളില്‍ നിന്ന് എ കെ 47 തോക്ക് പിടിച്ചു എന്നാണ് പറയുന്നത്. സംഭവം നടന്ന സ്ഥലം ഘോരവനമൊന്നുമല്ല. അവിടെ ഒരു ടെന്‍റില്‍ ഇരുന്ന് ഇവര്‍ ഭക്ഷണം കഴിച്ചപ്പോള്‍ പോലീസ് വളരെ അടുത്ത് നിന്ന് വെടിവെച്ചു എന്നാണ് തങ്ങള്‍ക്ക് കിട്ടിയ വിവരം. പോലീസ് തന്നെ വിധി നടപ്പാക്കുന്നത് വളരെ പ്രാകൃത രീതിയാണ്.

തണ്ടര്‍ബോള്‍ട്ടിന്‍റെ ഈ രീതിക്ക് കേരള പോലീസ് കൂട്ടുനില്‍ക്കണമോ എന്ന കാര്യം ചിന്തിക്കണം. സാമൂഹിക പ്രശ്‌നങ്ങളില്‍ തോക്കുകൊണ്ടല്ല മറുപടി പറയേണ്ടത്. പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. ഇത്തരം സംഭവങ്ങളില്‍ മജിസ്റ്റീരിയല്‍ അന്വേഷണം ഉണ്ടാവണം. നേരത്തെ ഉണ്ടായ മാവോയിസ്റ്റ് കൊലപാതങ്ങളില്‍ അതുണ്ടായിട്ടുണ്ട്. ആ റിപ്പോര്‍ട്ട് അനുസരിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കണം. തീവ്രവാദികളെ വെടിവെച്ചുകൊല്ലണം എന്ന്‍ ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും അഭിപ്രായമുണ്ടാകില്ല എന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles