ദില്ലി :∙ ചണ്ഡിഗഡ് വിമാനത്താവളത്തിൽ നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റണൗട്ടിന് മർദനമേറ്റതായി ആരോപണം. ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ ചണ്ഡിഗഡിൽ വച്ച് കങ്കണയെ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ അടിക്കുകയായിരുന്നു എന്നാണ് പരാതി. കുൽവീന്ദർ കൗർ എന്ന ഉദ്യോഗസ്ഥയാണ് കങ്കണയെ മർദിച്ചത്.
കര്‍ഷകസമരവുമായി ബന്ധപ്പെട്ട് മുൻപ് കങ്കണനടത്തിയ പരാമര്‍ശം സംബന്ധിച്ച് ഉദ്യോഗസ്ഥ കങ്കണയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നുമാണ് വിവരം. കങ്കണ ബോര്‍ഡിങ് ഏരിയയിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ സി.ഐ.എസ്.എഫ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ദിവസങ്ങൾക്കു പിന്നാലെയാണ് കങ്കണയ്ക്ക് എതിരെ ആക്രമണം നടന്നിരിക്കുന്നത്. 74,755 വോട്ടുകൾക്കാണ് ദേശീയ അവാർഡ് ജേതാവായ കങ്കണ കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ പരാജയപ്പെടുത്തിയത്.

