Monday, September 21, 2026

വാത്മീകി കോർപ്പറേഷൻ അഴിമതി! കർണാടക ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു

ബെംഗളൂരു: കർണാടക മന്ത്രിസഭയിൽ ആദ്യ രാജി. വാത്മീകി കോർപ്പറേഷൻ അഴിമതിയിൽ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്രയാണ് രാജിവച്ചത്. രാജിക്കത്ത് നാ​ഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറിയിട്ടുണ്ട്. ഹൈക്കമാന്റുമായി ആലോചിച്ച് രാജിക്കത്തിൽ തീരുമാനമെടുക്കുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. താൻ തെറ്റുകാരനല്ലെന്നും എന്നാൽ സർക്കാരിന്റെ പ്രതിച്ഛായ മാനിച്ച് രാജി വയ്ക്കുകയാണെന്നുമാണ് നാഗേന്ദ്രയുടെ പ്രതികരണം.

അഴിമതിയിൽ ബിജെപി ഇന്ന് നിയമസഭയ്ക്കു പുറത്ത് പ്രതിഷേധിച്ചിരുന്നു. ഗോത്രവികസനത്തിനായി രൂപീകരിച്ച കോർപറേഷന് കീഴിൽ ഉള്ള 187 കോടി രൂപ, വിവിധ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തി മാറ്റി എന്നതാണ് കേസ്. കോർപറേഷന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിനെ മരിച്ച നിലയിൽ മെയ് 26-ന് കണ്ടെത്തിയതോടെയാണ് അഴിമതി ആരോപണം കൂടുതൽ ശക്തമായത് . തിരിമറി നടന്നത് മന്ത്രി കൂടി അറിഞ്ഞാണെന്ന് ഉദ്യോഗസ്ഥന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. കേസിൽ കോർപ്പറേഷന്റെ എംഡി ജെജി പത്മനാഭയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles